അട്ടപ്പാടി ഭാഗത്തേക്ക് അഗ്നിരക്ഷാസേനയുടെ യാത്ര പ്രതിസന്ധിയിൽ

Wednesday 12 June 2024 12:52 AM IST

മണ്ണാർക്കാടും അട്ടപ്പാടിയിലും ഒരേസമയം സേനയുടെ ആവശ്യം വന്നാൽ പ്രതിസന്ധി രൂക്ഷമാകും

വട്ടമ്പലത്തുനിന്ന് അഗ്നിരക്ഷാസേനയ്ക്ക് അട്ടപ്പാടിയിലാൻ ഒരുമണിക്കൂറിലധികം

റെസ്‌ക്യൂ വാഹനങ്ങൾക്ക് ചുരത്തിലൂടെ അതിവേഗം സഞ്ചരിക്കാനാകില്ല

മണ്ണാർക്കാട്: അട്ടപ്പാടി മേഖലയിലേക്കുള്ള അഗ്നിരക്ഷാസേനാംഗങ്ങളുടെ മഴക്കാലയാത്ര വേനൽക്കാലത്തേക്കാൾ പ്രതിസന്ധിയിൽ. ദൂരക്കൂടുതൽ തന്നെയാണ് പ്രധാന കാരണം. അട്ടപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാനിലയം സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനങ്ങളിൽ തുടർനടപടിക്രമങ്ങളും ആയിട്ടില്ല. ഇതോടെ ഈ മഴക്കാലത്തും അഗ്നിരക്ഷാസേനയെ കാത്തിരിക്കുന്നത് ദുരിതയാത്ര തന്നെ.

ചുരംപാതയിൽ മരംവീഴൽ, മണ്ണിടിച്ചിൽ എന്നിവയാണ് മഴക്കാലത്തുണ്ടാവുക. ദിവസങ്ങൾക്ക് മുൻപും ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണിരുന്നു. എല്ലാക്കാലത്തും രക്ഷാപ്രവർത്തനത്തിനായി വട്ടമ്പലത്തുനിന്ന് അഗ്നിരക്ഷാസേന അട്ടപ്പാടിയിലെത്തുന്നത് ഒരുമണിക്കൂറിലധികമെടുത്താണ്. വിദൂരമേഖലയിലാണെങ്കിൽ വീണ്ടും സമയമെടുക്കും.

മണ്ണാർക്കാടും അട്ടപ്പാടിയിലും ഒരേസമയം സേനയുടെ ആവശ്യം വന്നാൽ പ്രതിസന്ധി രൂക്ഷമാകും. സേനയ്ക്കു കീഴിലുള്ള സിവിൽ ഡിഫൻസ്, ആപ്തമിത്ര അംഗങ്ങൾ നിരവധിപേർ അട്ടപ്പാടിയിലുള്ളതാണ് ഏക ആശ്വാസം. എന്നാൽ സേനയുടെ സാങ്കേതികസംവിധാനങ്ങളുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആവശ്യമായി വരുന്ന സമയത്ത് ചുരം താണ്ടി സേനയെത്തുകയേ മാർഗമുള്ളൂ. റെസ്‌ക്യൂ വാഹനങ്ങൾക്ക് ചുരത്തിലൂടെ അതിവേഗം സഞ്ചരിക്കാനാകില്ല. ഇതിനാൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം അസാധ്യമായ സാഹചര്യമുണ്ടാകാറുണ്ട്.

കടലാസിലൊതുങ്ങി അട്ടപ്പാടി അഗ്നിരക്ഷാനിലയം

അട്ടപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. കഴിഞ്ഞ സംസ്ഥാനബഡ്ജറ്റിൽ പരിഗണനയിലും വന്നു. എന്നാൽ ഇതുവരെ തുടർനടപടിയായിട്ടില്ല.

രക്ഷാപ്രവർത്തനം നടത്തുന്നത് 41 സേന

സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള 41 സേനയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണാർക്കാട് അഗ്നിരക്ഷാനിലയത്തിന്റെ പരിധിയും വലുതാണ്. മണ്ണാർക്കാടിനു പുറമേ അട്ടപ്പാടി മുഴുവനും ഉൾപ്പെടുന്നു.

Advertisement
Advertisement