അമ്മത്തൊട്ടിലിൽ 'നിലാവെത്തി'; 601ാമത് കുരുന്നിനെ വരവേറ്റ് പോറ്റമ്മമാ‌ർ

Tuesday 11 June 2024 5:48 PM IST

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഇന്നുപകൽ 2.50ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിന്റെ പരിരക്ഷയ്ക്കായി എത്തിയത്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601ാമത് കുരുന്നാണ് പോറ്റമ്മമാരുടെ പരിചരണയിൽ കഴിയുന്നത്. തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകരുത്താണ് പുതിയ അതിഥി.


സമിതി ഇക്കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണ ജോർജ്ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനുകൈമാറണം എന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്.


കുട്ടിയുടെ ജനന തീയതി ഇടതു കൈതണ്ടയിൽ കെട്ടിയിരുന്ന ടാഗിൽ രേഖപ്പെടുത്തിയിരുന്നു. നിലാവിനെ സ്വാഗതം ചെയ്തു കൊണ്ട് കുരുന്നിന് "നിലാ"എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കുഞ്ഞിനെ സ്വീകരിച്ചിരുന്നു. പിന്നാലെ കുഞ്ഞിനെ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15ാമത്തെ കുട്ടിയും 6ാമത്തെ പെൺകുഞ്ഞുമാണ് നിലാ. 2024ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്.


കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

Advertisement
Advertisement