വിള ഇൻഷ്വറൻസ്: രജിസ്റ്റർ ചെയ്യുന്നവരിൽ പകുതിയിലധികം പാലക്കാട്ടെ കർഷകർ

Wednesday 12 June 2024 12:42 AM IST

ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക 27 വിളകൾക്ക്

എട്ടുവർഷത്തിനിടെ ഇൻഷ്വറൻസ് പദ്ധതിവഴി വിതരണം ചെയ്തത് 470 കോടി രൂപ

രജിസ്റ്റർചെയ്തതിൽ 80 ശതമാനവും പാലക്കാട്ട് നിന്ന്

പാലക്കാട്: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരിൽ പകുതിയിലധികം പാലക്കാട്ടെ കർഷകർ. ഇതിൽ തന്നെ ഭൂരിഭാഗവും നെൽക്കർഷകരാണ്. 27 വിളകൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ എട്ടുവർഷത്തിനിടെ 470 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസൺ മുതൽ റബ്ബറും തെങ്ങും ഉൾപ്പെടുത്തിയെങ്കിലും കാര്യമായ രജിസ്‌ട്രേഷൻ നടന്നിട്ടില്ല. പദ്ധതിയെക്കുറിച്ച് അറിയാത്തതാണ് അടിസ്ഥാന കാരണമെന്നാണ് ഇൻഷ്വറൻസ് കമ്പനി അധികൃതർ പറയുന്നു.

കാലാവസ്ഥാമാറ്റം വിളവിനെ ബാധിച്ചാലും ഇല്ലെങ്കിലും തുക ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. കാലാവസ്ഥാകേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് തുക നിർണയിക്കുന്നത്. വിളകൾക്കനുസരിച്ച് ഹെക്ടറിന് 30,000 മുതൽ 1,75,000 വരെയാണ് ആനുകൂല്യം. കർഷകർ അടക്കേണ്ട വിഹിതം പരമാവധി ആനുകൂല്യം ലഭിക്കുന്ന തുകയുടെ 1.5 ശതമാനംമുതൽ അഞ്ചുശതമാനം മാത്രമാണ്.

പദ്ധതി നടപ്പാക്കുന്നത് രണ്ട് സീസണുകളിലായി

വർഷത്തിൽ ഖാരിഫ്, റാബി തുടങ്ങി രണ്ട് സീസണുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 2016 ലാണ് പദ്ധതി തുടങ്ങിയത്. നിലവിൽ രജിസ്‌ട്രേഷൻ നടന്നുകൊണ്ടിരിക്കുന്ന 2024 ലെ ആദ്യ സീസണായ ഖാരിഫിൽ ഇതുവരെ രജിസ്റ്റർചെയ്തതിൽ 80 ശതമാനവും പാലക്കാട്ട് നിന്നാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈമാസം 30 ആണ്.

Advertisement
Advertisement