കോട്ടമലയിൽ മണ്ണിടിച്ചി​ൽ:ദുരന്ത നിവാരണ നിയമപ്രകാരം അടച്ച റോഡ് തുറന്നു

Wednesday 12 June 2024 1:49 AM IST
ബാരിക്കേട് തകർത്ത് റോഡ് തുറന്ന നിലയിൽ

കോലഞ്ചേരി: മനുഷ്യ നിർമ്മിത മണ്ണുമലയായി മാറിയ കോട്ടമലയ്ക്ക് സമീപം ഇടിഞ്ഞു വീഴാറായ മതിൽ ഉണ്ടാക്കാവുന്ന അപകടം മുൻ നിർത്തി ദുരന്ത നിവാരണ നിയമപ്രകാരം അടച്ച പൊതുവഴി തുറന്ന നിലയിൽ.

തഹസിൽദാരുടെ ഉത്തരവിനെ തുടർന്ന് മലയിൽ അനധികൃതമായി നിക്ഷേപിച്ച മണ്ണ് മാറ്റുന്ന പ്രവൃത്തി നടക്കുകയാണ് അതിനിടയിൽ ഇന്നലെ വൈകിട്ടാണ് റോഡിന്റെ ഇരു വശങ്ങളിലുമുള്ള ബാരിക്കേഡുകൾ എടുത്ത് മാറ്റി റോഡ് തുറന്നത്. റോഡിനോട് ചേർന്ന് 30 അടി ഉയരത്തിലുള്ള മതിൽ സ്ഥലമുടമ പൊളിച്ച് 8 അടിയാക്കി ചുരുക്കിയിരുന്നു. എന്നാൽ പൂർണ്ണമായി മതിൽ പൊളിച്ച് മണ്ണ് മാറ്റി സംഭരിക്കണമെന്ന ഉത്തരവ് നിലനില്ക്കെയാണ് അജ്ഞാതർ ബാരിക്കേഡ് തകർത്തത്.

റോഡ് തുറക്കാനുള്ള ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും നിയമപ്രകാരം പൂർത്തിയാക്കേണ്ട നടപടികൾക്ക് ശേഷം മാത്രമേ റോഡ് തുറക്കുകയുള്ളൂവെന്നും കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ പറഞ്ഞു. ഇടിഞ്ഞുവീണ് അപകടമുണ്ടാക്കിയ മതിലും ഇടിഞ്ഞു വീഴാറായ റോഡരി​കിലെ മതിലും പൂർണമായും പൊളിച്ചുമാ​റ്റി. അതീവ സുരക്ഷയിൽ പുനർനിർമ്മിക്കണമെന്നാണ് കുന്നത്തുനാട് തഹസിൽദാർ ഉത്തരവിട്ടത്. പത്ത് ദിവസത്തിനകം പൊളിഞ്ഞു കിടക്കുന്ന മതിൽ നീക്കം ചെയ്യണം. മതിൽ നിർമ്മാണത്തിനിടെ മൂടിയ നാട്ടുതോട് സ്ഥല ഉടമയുടെ ചെലവിൽ പുനസ്ഥാപിക്കണം. മതിലിനോട് ചേർന്ന് നില്ക്കുന്ന മുഴുവൻ മണ്ണും സമാന്തരമായി കിടക്കുന്ന തെക്ക് ഭാഗത്തേയ്ക്ക് മാ​റ്റണം.

കഴിഞ്ഞ 29നുണ്ടായ കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി.പി. റോഡിൽ നിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേയ്ക്ക് പോകുന്ന പൊതു വഴിയുടെ ഭാഗത്തുള്ള മതിലും ഇടിഞ്ഞത്. ഇതോടെ യാത്ര പൂർണമായും തടഞ്ഞിരുന്നു.

Advertisement
Advertisement