പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ ഭരണാനുകൂല സംഘടനയുടെ മാർച്ച്

Wednesday 12 June 2024 4:57 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ സമരവുമായി ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ (കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ). ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്നാരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ കാരണം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കും നിലപാടുകൾക്കും ഘടകവിരുദ്ധമായി തുടരുന്ന ഉന്നതഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് അക്കാഡമിക് പ്രതിസന്ധിക്ക് കാരണമെന്നും കെ.ബദറുന്നിസ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, പ്രിൻസിപ്പൽ, ഡി.ഇ.ഒ, എ.ഇ.ഒ, എച്ച്.എം ഒഴിവുകൾ അടിയന്തരമായി നികത്തുക, വകുപ്പിലെ ഫയലുകൾ ഉടൻ തീർപ്പാക്കുക, ഉദ്യോഗസ്ഥ മേധാവികളുടെ അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.നജീബ്, ട്രഷറർ ടി.കെ.എ ഷാഫി എന്നിവർ സംസാരിച്ചു.

ഫോട്ടോ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ ഡി.ജി.ഇ ഓഫീസ് മാർച്ച്

Advertisement
Advertisement