കൊടുംചൂടിൽ ചരക്കുനീക്കത്തിൽ ഇടിവ്

Wednesday 12 June 2024 12:27 AM IST

കൊച്ചി: കടുത്ത വേനൽ ചൂടിൽ മേയ് മാസത്തിൽ ട്രക്ക് ഡ്രൈവർമാരും ലോഡർമാരും പകൽ ജോലികളിൽ നിന്ന് വിട്ടുനിന്നതോടെ ചരക്കുഗതാഗത വാഹനങ്ങളുടെ മൊത്തം ശേഷിയിൽ 60 ശതമാനത്തോളം കുറഞ്ഞു.ഇതോടൊപ്പം പൊതു നിർമ്മാണ പ്രവർത്തനങ്ങളും ചരക്കുഗതാഗതം മന്ദഗതിയിലാക്കിതോടെ പ്രധാന ചരക്കു പാതകളിലെ ട്രക്ക് വാടക കുത്തനെ ഇടിഞ്ഞുവെന്ന് ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ റിപോർട്ട് പറയുന്നു. വേനൽക്കാല അവശ്യ വസ്തുക്കളുടെ ഡിമാൻഡ് ഉയർന്നതിനാലാണ് ട്രക്കുകൾ പ്രധാനമായും ഓടിയതെന്ന് ശ്രീറാം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വൈ. എസ് ചക്രവർത്തി പറഞ്ഞു. ഇന്ത്യയിൽ ഇത്തവണ മികച്ച മൺസൂൺ ലഭിക്കുന്ന പ്രതീക്ഷയിൽ ട്രാക്ടർ വിൽപ്പനയിൽ മെയ് മാസത്തിൽ വലിയ കുതിപ്പുണ്ടായും ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കാർഷികാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വില്പനയിൽ 24 ശതമാനം വർദ്ധനയാണ് മെയിൽ രേഖപ്പെടുത്തിയത്. വാണിജ്യാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വിൽപ്പനയിൽ 20 ശതമാനവും വളർച്ചയുണ്ടായി.