ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി കോഴ്സുകൾ

Wednesday 12 June 2024 12:00 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, മൾട്ടി മീഡിയ എന്നിവയിൽ ബി.എസ്‌സി കോഴ്സുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എം.ബി.എ, എം.സി.എ കോഴ്സുകൾ അടുത്ത വർഷവും തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് ആൻഡ് ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അദ്ധ്യയന വർഷവും ആരംഭിക്കും. ഇതിനായി ഐ.സി.ടി അക്കാഡമി, കെൽട്രോൺ, അസാപ്, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കില, കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി, കേരളം സ്റ്റാർട്ടപ്പ് മിഷൻ, ഐ.എച്ച്.ആർ.ഡി തുടങ്ങിയവയുമായി ധാരണാപത്രം ഒപ്പിടും.

എല്ലാ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾക്കും എൻ.സി.വി.ഇ.ടിയുടെ സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിലൂടെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ചേരുന്നവർക്ക് ഡ്യുവൽ സർട്ടിഫിക്കേഷൻ ലഭിക്കും. കേരള ഹിന്ദി പ്രചാര സഭയുമായി ചേർന്നുള്ള കോഴ്സിന് പുറമേ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് ഇംഗ്ലീഷ്ഭാഷ, വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ജർമ്മൻ ഭാഷ കോഴ്സുകളും നടപ്പാക്കും. ജയിൽ അന്തേവാസികളുടെ തുടർപഠനം എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കും. അനാഥാലയത്തിലെ അന്തേവാസികൾക്ക് ഫീസിളവോടെ പഠിക്കാനുള്ള അവസരവും ഒരുക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സമ്പൂർണ ബിരുദ പദ്ധതിയും നടപ്പാക്കും.

പത്രസമ്മേളനത്തിൽ പ്രോ. വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, സിൻ‌ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, ഡോ. എം.ജയപ്രകാശ്, ഡോ. സി.ഉദയകല, എ.നിസാമുദ്ദീൻ, ഡോ. എ.പസിലിത്തിൽ, രജിസ്ട്രാർ ഡോ. ഡിംപി വി.ദിവാകരൻ എന്നിവർ പങ്കെടുത്തു.

28 കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അദ്ധ്യയന വർഷം 28 യു.ജി /പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 16 യു.ജി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളും ആണുള്ളത്. ഇതിൽ ബി.ബി.എ, ബി.കോം, ബി.എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി എന്നീ ആറ് യു.ജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടെ എക്സിറ്റ് ഓപ്ഷനുണ്ട്. നിലവിൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേരാം.

Advertisement
Advertisement