പട്ടികജാതി സ്കോളർഷിപ്പ്: ജാതി, വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ
കൊച്ചി: പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വിദ്യാർത്ഥികളുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി. സർട്ടിഫിക്കറ്റുകൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ വാലിഡേറ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്കൂൾതലത്തിൽ തുടങ്ങി. ഇതോടെ രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് ആശങ്കയുയർന്നു.ഈ വർഷം അപേക്ഷിക്കാൻ ആഗസ്റ്റ് 31 വരെ സമയമുണ്ട്.
സ്കൂൾ പ്രവേശന രേഖയിലുള്ള ജാതിയും റേഷൻ കാർഡിലെ വരുമാനവുമാണ് ഇതുവരെ സ്കൂളുകളിൽ നിന്ന് നൽകിയിരുന്നത്. ഇത്തവണ മുതൽ ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി താലൂക്കിൽ നിന്ന് നൽകുന്ന ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. സർട്ടിഫിക്കറ്റിലെ സെക്യൂരിറ്റി നമ്പറുകൾ ഉപയോഗിച്ച് സ്കൂളുകളിൽ വാലിഡേറ്റ് ചെയ്ത് ഇ - ഗ്രാന്റ്സ് പോർട്ടലിലൂടെ പട്ടികജാതി വികസന വകുപ്പിലേക്ക് അയയ്ക്കും. അവിടെ പാസാകുന്നവയ്ക്ക് മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ ലഭ്യമാകൂ.
പ്രീമെട്രിക് സ്കോളർഷിപ്പിന് കേന്ദ്രം നിശ്ചയിച്ച വരുമാന പരിധി രണ്ടര ലക്ഷം രൂപയാണെങ്കിലും മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും സംസ്ഥാന വിഹിതം ഉപയോഗിച്ച് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകിയിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പടക്കം മുടങ്ങിയതോടെയാണ് വരുമാന പരിധി കർശനമാക്കുന്നതെന്നറിയുന്നു. ഈ വർഷം മുഴുവൻ പട്ടികജാതി വിദ്യാർത്ഥികളും ഇ-ഗ്രാന്റ്സിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ നൽകേണ്ടി വരും. എൽ.പി വിദ്യാർത്ഥികൾ അഞ്ചാം ക്ലാസിലും യു.പി. വിദ്യാർത്ഥികൾ എട്ടാം ക്ലാസിലും പുതുക്കണം.
#5 ലക്ഷം
വിദ്യാർത്ഥികൾക്കാണ് പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നത്
''വരുമാനപരിധി നോക്കാതെ സംസ്ഥാന സ്കോളർഷിപ്പുകൾ നൽകുന്നത് തുടരും. രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ള 9,10 ക്ലാസുകളിലെ കുട്ടികളുടെ കേന്ദ്ര സ്കോളർഷിപ്പ് നഷ്ടമാകാതെ നോക്കാനാണ് വരുമാന സർട്ടിഫിക്കറ്റ് ചോദിക്കുന്നത്. മുമ്പ് സമ്പൂർണയിൽ നിന്നുള്ള വിവരങ്ങളാണ് നൽകിയിരുന്നത്. ഇനി അത് മതിയാകില്ല.''
-വി. സജീവ് (അഡി.
ഡയറക്ടർ,
പട്ടികജാതി വികസന വകുപ്പ്).
''പട്ടികവിഭാഗം സ്കോളർഷിപ്പിന് വരുമാനപരിധി കൊണ്ടുവരാനുള്ള ശ്രമമാണിത്. ഇ-ഗ്രാന്റ്സിൽ അപേക്ഷിക്കുന്നവരെ നിസാരകാരണം പറഞ്ഞ് അയോഗ്യരാക്കുന്ന പ്രവണത ഇനി കൂടും. നിയമനടപടി ആലോചനയിലുണ്ട്''.
-എം. ഗീതാനന്ദൻ
ഗോത്രമഹാസഭ
എ.ഐ ക്യാമറ:
കെൽട്രോണിന്
രണ്ടു ഗഡുകൂടി
കൊച്ചി: എ.ഐ ക്യാമറ പദ്ധതിയിൽ കെൽട്രോണിനു നൽകാനുള്ള വിഹിതത്തിന്റെ മൂന്നും നാലും ഗഡു നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. കെൽട്രോണിന്റെ ആവശ്യം പരിഗണിച്ചാണിത്. പണം ഇപ്പോൾ വിനിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. പദ്ധതി കരാറുകാർക്ക് കോടതിയുടെ തുടർ ഉത്തരവില്ലാതെ പണം നൽകുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
കെൽട്രോണിനുള്ള ഒന്നും രണ്ടും ഗഡുവായ 11.79 കോടി രൂപ കോടതിയുടെ അനുമതിയോടെ സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. ഹർജി ജൂലായ് 25ന് വീണ്ടും പരിഗണിക്കും.
ക്യാമറ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കെ-ഫോൺ പദ്ധതിക്ക് ചട്ടം ലംഘിച്ചാണ് കരാർ നൽകിയതെന്നും സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് ടെൻഡർ നൽകിയതെന്നും ആരോപിച്ച് വി.ഡി.സതീശൻ നൽകിയ ഹർജിയും പിന്നീട് പരിഗണിക്കാൻ മാറ്റി.