ഇടത് പരാജയത്തിന്റെ ആഴം കൂട്ടിയത് സാമുദായിക ധ്രുവീകരണ ശ്രമം: എം.കെ.രാഘവൻ

Wednesday 12 June 2024 12:02 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.കെ. രാഘവൻ എം.പി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനെ കണ്ടുമുട്ടിയപ്പോൾ

കോഴിക്കോട്: സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചതാണ് കോഴിക്കോടും വടകരയിലും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നതെന്ന് എം.കെ.രാഘവൻ. സി.പി.എമ്മിനെപ്പോലൊരു പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു അതെന്നും കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ രാഘവൻ പറഞ്ഞു. എന്നാൽ ജില്ലയിലെ പ്രബുദ്ധരായ ജനത അതെല്ലാം തള്ളിക്കളഞ്ഞു. വരുന്ന നിയമസഭ,​ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഇതേ നേട്ടം യു.ഡി.എഫ് വിശേഷിച്ച് കോൺഗ്രസ് ആവർത്തിക്കും. കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരുകാലത്തുമില്ലാത്ത വിധം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് തനിക്കെതിരെ നടത്തിയത്. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിപരമായും സാമുദായികപരമായും നേരിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ജനം വെറുത്തുകഴിഞ്ഞു. ഇനിയൊരു ഊഴം ഇരു കൂട്ടർക്കും രാജ്യത്തുണ്ടാവില്ല.

കെ.മുരളീധരൻ കേരളത്തിലെ കോൺഗ്രസിന്റെ സ്വത്താണ്. അദ്ദേഹം എവിടേക്കും പോയിട്ടില്ല. കോൺഗ്രസിനൊപ്പം തന്നെയാണ്. പാർട്ടി പറഞ്ഞിട്ടാണ് മുരളി തൃശ്ശൂരിലേക്ക് പോയത്. അവിടെ തോൽവിയുണ്ടായി. പരാജയ കാരണങ്ങൾ പരിശോധിച്ച് തിരുത്തലുകൾ പാർട്ടി സ്വീകരിക്കും.

കോഴിക്കോടിന്റെ വികസനത്തിന് കുറെയേറെ ചെയ്യാൻ കഴിഞ്ഞു എന്നതാണ് വിജയത്തിന് ആധാരം. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. എയിംസ് കോഴിക്കോട്ടുകാരുടെ മാത്രം സ്വപ്‌നമല്ല, മലബാറിന്റെ ആവശ്യമാണ്. അതിന് ആവശ്യമായ ഭൂമി കിനാലൂരിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സുരേഷ്‌ഗോപി എയിംസ് തൃശ്ശൂരിൽ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. എയിംസിനായുള്ള ശ്രമം തുടരും. ബേപ്പൂർ പോർട്ട് വികസനം, വിമാനത്താവള വികസനം ദേശീയ പാത പൂർത്തിയാക്കൽ തുടങ്ങിയവയിലെല്ലാം ഇടപെടലുകളുണ്ടാവും. ദേശീയ പാത ആറുവരിയാക്കലിൽ കരാറുകാർക്കുണ്ടായ പിഴവാണ് പ്രശ്‌നം. അക്കാര്യം കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പണി പാതിയായ ഘട്ടത്തിൽ കരാറുകാരെ മാറ്റിയത് കൊണ്ട് പരിഹാരമാവില്ല. പ്രവൃത്തി പൂർത്തിയാകും എം.പിയെന്ന നിലയിൽ പിന്നാലെയുണ്ടാവും. ഏതുസമയവും കോഴിക്കോട്ടുകാർക്ക് വിളിക്കാനും ഇടപെടാനും കഴിയുന്ന എം.പിയായി നാലാംവട്ടവും തുടരുമെന്നും രാഘവൻ പറഞ്ഞു. മുഖാമുഖത്തിൽ എം.സി.മായിൻ ഹാജി ,​ പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്.രാകേഷ് തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement