ട്രോളിംഗ് നിരോധനം; തീപിടിച്ച് മത്സ്യവില

Tuesday 11 June 2024 11:01 PM IST

മലപ്പുറം: ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യ വില കുതിക്കുന്നു. ഒരു കിലോ മത്തിയുടെ വില നിലവിൽ 250 - 300 രൂപയാണ്. ഒരുകിലോ അയലയുടെ വില 300 കടന്നിട്ടുണ്ട്. മാന്തൾ - 300, ചെമ്പല്ലി - 800, ആവോലി - 1,500, അയക്കൂറ - 1,400 എന്നിങ്ങനെയാണ് വില. ട്രോളിംഗിന് മുമ്പെ തന്നെ മത്സ്യവില ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ട്രോളിംഗ് തുടങ്ങിയതോടെ ഓരോ ദിവസവും വില ഉയരുന്നുണ്ട്. മത്സ്യ ലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് ഇക്കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതിയുള്ളത്.

മത്സ്യലഭ്യത കുറഞ്ഞതോടെ പുറത്ത് നിന്നുള്ള മീനുകളുടെ വരവ് കൂടിയിട്ടുണ്ട്. ഇവയിൽ കൃത്യമായി ഐസ് ഇടാത്തത് മൂലം പെട്ടെന്ന് അഴുകുന്നതായി പരാതികൾ ഉയരുന്നുണ്ട്. മാത്രമല്ല, വേഗത്തിൽ കേടാവാതിരിക്കാനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളും വിപണിയിലെത്തുന്നുണ്ട്. പഴകിയ മത്സ്യങ്ങൾ വിപണിയിലെത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. ഞായറാഴ്ച അർദ്ധരാത്രി 12ന് ആരംഭിച്ച ട്രോളിംഗ് നിരോധനം ജൂലായ് 31 വരെ നീളും.

വറുതിയുടെ പെരുന്നാൾ

പെരുന്നാളിന് നാല് ദിവസം മാത്രം ശേഷിക്കേ ട്രോളിംഗ് നിരോധനം മൂലം പ്രതിസന്ധിയിലായതിനാൽ ഇത്തവണ വറുതിയുടെ പെരുന്നാളാവുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പെരുന്നാളിന് കുട്ടികൾക്ക് പോലും പുതുവസ്ത്രം വാങ്ങാൻ പണമില്ലാത്ത അവസ്ഥയിലാണ് പലരും. കാലാവസ്ഥാ വ്യതിയാനം മൂലം ചെറുവള്ളങ്ങളിൽ പോയി മീൻപിടിക്കാനും സാധിക്കുന്നില്ല.

ദൈനംദിന ചെലവ് പോലും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാത്തതിനാൽ ഇത്തവണ പെരുന്നാൾ ആഘോഷങ്ങളില്ല. മകന്റെ ഫീസ് അടയ്ക്കാൻ ആകെ അവശേഷിക്കുന്ന വീടിന്റെ ആധാരം പണയം വെച്ചു.


പി.സുലൈമാൻ,​ പൊന്നാനിയിലെ മത്സ്യത്തൊഴിലാളി

Advertisement
Advertisement