ജില്ലയുടെ വോൾട്ടേജ് കൂട്ടാൻ ആയിരം കോടിയുടെ പദ്ധതി

Tuesday 11 June 2024 11:02 PM IST

മലപ്പുറം: ജില്ലയിലെ രൂക്ഷമായ വൈദ്യുതി,​ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,099 കോടിയുടെ പദ്ധതികൾക്ക് രൂപമേകി കെ.എസ്.ഇ.ബി. ദ്രുതി പദ്ധതിയിൽ 457.43 കോടിയും സ്‌പെഷൽ പാക്കേജിൽ 410.93 കോടിയും കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസിൽ ഉൾപ്പെടുത്തി 231.50 കോടിയുടേയും പദ്ധതികളാണ് നടപ്പിലാക്കുക. സാങ്കേതിക പഠനം വൈകാതെ പൂർത്തിയാക്കും. സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി ലൈൻ വലിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുമാണ് കെ.എസ്.ഇ.ബി ബോർഡിന്റെ തീരുമാനം.

എടപ്പാൾ, പൊന്നാനി, തിരൂർ, എടരിക്കോട്, പരപ്പനങ്ങാടി, മാലാപ്പറമ്പ്, മേലാറ്റൂർ സബ് സ്റ്റേഷനുകളുടെ നിലവിലുള്ള ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടെ 90 മെഗാവാട്ടിന്റെ അധിക ശേഷി കൈവരും. പൊന്നാനി സബ്‌സ്റ്റേഷന്റെ ശേഷി 25 മെഗാവാട്ടിൽ നിന്ന് 40 മെഗാവാട്ടായി ഉയർത്തും. എടപ്പാൾ, തിരൂർ സബ്‌സ്റ്റേഷനുകളുടെ നിലവിലെ ശേഷിയിൽ നിന്ന് 7.5 മെഗാവാട്ട് കൂടി വർദ്ധിപ്പിക്കും. എടരിക്കോട്, പരപ്പനങ്ങാടി, മാലാപ്പറമ്പ്, മേലാറ്റൂർ എന്നിവിടങ്ങളിൽ 15 മെഗാ വാട്ട് ശേഷിയാണ് അധികമായി കൂട്ടിച്ചേർക്കപ്പെടുക. ഈ സബ് സ്റ്റേഷനുകളിലായി നിലവിൽ 222.5 മെഗാവാട്ട് ശേഷിയാണുള്ളത്. പദ്ധതി പൂർത്തിയാവുന്നതോടെ 312.5 മെഗാവാട്ടായി ഉയരും.

വോൾട്ടേജ് കൂടും

  • വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതുതായി 12 സബ് സ്റ്റേഷനുകൾ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.
  • വെന്നിയൂർ, കുന്നുംപുറം, വേങ്ങര, കാടാമ്പുഴ, ചങ്ങരംകുളം, വെങ്ങാലൂർ, തിരുവാലി, മലപ്പുറം സിവിൽ സ്റ്റേഷൻ, പുളിക്കൽ, കൊണ്ടോട്ടി, കരുവാരക്കുണ്ട്, പാണക്കാട് ഇൻകെൽ എന്നിവിടങ്ങളിലാണിത്.
  • വെന്നിയൂർ, കുന്നുംപുറം സബ് സ്റ്റേഷനുകൾ ഈ സാമ്പത്തിക വർഷം കമ്മീഷൻ ചെയ്യും.
  • കാടാമ്പുഴ, സിവിൽസ്റ്റേഷൻ, കൊണ്ടോട്ടി, കരുവാരക്കുണ്ട്, ഇൻകെൽ എന്നിവ 2025- 26 സാമ്പത്തിക വർഷത്തിലും വേങ്ങര, വെങ്ങാലൂർ, പുളിക്കൽ എന്നിവ 2026- 27 സാമ്പത്തിക വർഷത്തിലും പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ മുന്നോട്ടുനീങ്ങുന്നത്.

സർക്കിൾ ................. വകയിരുത്തുന്ന തുക (കോടി
തിരൂർ ........................... 539
മഞ്ചേരി ......................... 360.8
നിലമ്പൂർ ...................... 200

Advertisement
Advertisement