ചതി ! റഫറിയുടെ വമ്പന്‍ പിഴവില്‍ ഖത്തറിന് അനര്‍ഹമായ ഗോള്‍, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പുറത്ത് | വീഡിയോ

Tuesday 11 June 2024 11:51 PM IST

ദോഹ: ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ അവരുടെ നാട്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യയെ ചതിച്ച് തോല്‍പ്പിച്ച് റഫറിയുടെ പിഴവ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്താകുകയും ചെയ്തു. 37ാം മിനിറ്റില്‍ ലല്ലിയന്‍സുവാല ചാങ്‌തെയുടെ ഗോളില്‍ ഇന്ത്യയാണ് മുന്നിലെത്തിയത്. 73ാം മിനിറ്റിലാണ് പുറത്ത് പോയ പന്തില്‍ ഗോള്‍ അനുവദിച്ച റഫറിയുടെ വിവാദ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്.

ഔട്ട് ലൈന്‍ കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് ഗോളാക്കി മാറ്റിയതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പക്ഷേ ഇന്ത്യയേയും ഇന്ത്യന്‍ ആരാധകരേയും ഞെട്ടിച്ച് യൂസഫ് അയ്മന്റെ വിവാദ നീക്കത്തിലെ വലകുലക്കം റഫറി ഗോളായി അനുവദിച്ചു. തീരുമാനത്തില്‍ അന്തംവിട്ട ഇന്ത്യന്‍ താരങ്ങള്‍ ഏറെ നേരം തര്‍ക്കിച്ചെങ്കിലും ഗോള്‍ അനുവദിച്ച തീരുമാനം പിന്‍വലിക്കാന്‍ റഫറി തയ്യാറായില്ല.

വിവാദ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് 12 മിനിറ്റുകള്‍ക്ക് ശേഷം 85ാം മിനിറ്റില്‍ അഹ്മദ് അല്‍ റാവിയുടെ ഗോളിലൂടെ ഖത്തര്‍ ലീഡും ജയവും സ്വന്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിന്റെ തലപ്പൊക്കത്തെ വെല്ലുവിളിച്ച് ഇന്ത്യ കളം നിറഞ്ഞ് കളിക്കുകയായിരുന്നു. പരിശീലകന്‍ സ്റ്റിമാച്ചിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഖത്തര്‍ താരങ്ങള്‍ പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിലുടനീളം കണ്ടത്.

എന്നാല്‍ ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ക്കിടയിലും തകര്‍പ്പന്‍ പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യന്‍ ഗോള്‍മുഖത്തെ ഖത്തര്‍ വിറപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ പുറത്തായതോടെ അഫ്ഗാനിസ്ഥാന്‍- കുവൈറ്റ് മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് എ യില്‍ നിന്ന് മൂന്നാം റൗണ്ടിലെത്തും.

വിവാദ ഗോളിന്റെ വീഡിയോ


Advertisement
Advertisement