അക്രമം പ്രോത്സാഹിപ്പിക്കുന്നവരുടെ പരിപാടിയിൽ പോകില്ല: ഗവർണർ

Wednesday 12 June 2024 2:29 AM IST

കൊല്ലം: അക്രമം പ്രോത്സാഹിപ്പിക്കുന്നവരുടെ പരിപാടിക്ക് താൻ എന്തിന് പോകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിനെപ്പറ്റി കൊല്ലത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് തവണയും വിളിച്ചിരുന്നില്ല. എന്തുകൊണ്ടാണ് പരിപാടിയെപ്പറ്റി നേരത്തെ അറിയിക്കാതിരുന്നത്. എന്നോട് ചെയ്തതെല്ലാം മനസിലുണ്ട്. കൊല്ലത്തുവച്ചും തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇത്തരത്തിൽ അക്രമത്തെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം താനില്ലെന്നും അവരുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാലകളിൽ പോലും ആക്രമണം അഴിച്ചുവിടുകയാണ്. ഇതിന്റെ ഫലമായി വയനാട്ടിൽ അടുത്തിടെയാണ് ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തോടും നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള നിഷേധമാണ്. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.