ശ്രീനാരായണഗുരു ഓപ്പൺ യൂണി. ഇരവിപുരത്ത് ഉയരും ആസ്ഥാന മന്ദിരം

Wednesday 12 June 2024 12:51 AM IST

വിലയ്ക്ക്

വാങ്ങുന്നത്

08 ഏക്കർ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ, ഇരവിപുരം മുണ്ടയ്ക്കലിൽ മുമ്പ് ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്വകാര്യ ഭൂമി ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതർ കളക്ടർക്ക് വീണ്ടും കത്ത് നൽകി.

ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഭൂവുടമ നേരത്തെ അപേക്ഷ നൽകിയിരുന്നു. തുടർ നടപടികൾ ഉണ്ടാകാതിരുന്നതിനാലാണ് വീണ്ടും കത്ത് നൽകിയ ശേഷം ഇന്നലെ കളക്ടറെ നേരിൽ കണ്ട് ചർച്ച നടത്തിയത്.

എട്ട് ഏക്കർ വിട്ടുനൽകാൻ സന്നദ്ധനായ ഉടമ നിശ്ചിത വില ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടർ ഭൂമിയുടെ ന്യായവില നിശ്ചയിച്ച ശേഷം ഭൂവുടമയുമായി വിലപേശി സർക്കാരിന് റിപ്പോർട്ട് നൽകും. തുടർന്ന് ഭൂമി ഏറ്റെടുത്ത് കൈമാറും. യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസൽ മുണ്ടയ്ക്കലിലെ ഭൂമിയുടെ രേഖകൾ പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജലലഭ്യത, മണ്ണിന്റെ ബലം എന്നിവയുടെ പരിശോധനാ റിപ്പോർട്ടുകളും അനുകൂലമായിരുന്നു.

ഭൂമി വാങ്ങി ഒരു വർഷത്തിനുള്ളിൽ അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആസ്ഥാന മന്ദിരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ യൂണിവേഴ്സിറ്റി കോഴിക്കോട് എൻ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഉടൻ എൻ.ഐ.ടിയുമായി ചർച്ച നടത്തും.

വാടക ചെലവ് 4 ലക്ഷത്തിലേറെ

യൂണിവേഴ്സിറ്റി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കുരീപ്പുഴയിലെ കെട്ടിടം, അക്കാഡമിക് ബ്ലോക്ക് പ്രവർത്തിക്കുന്ന വെള്ളയിട്ടമ്പലത്തെ ബി.എസ്.എൻ.എൽ കെട്ടിടം എന്നിവയ്ക്കായി പ്രതിമാസം നാല് ലക്ഷം രൂപയിലേറെയാണ് യൂണിവേഴ്സിറ്റിയുടെ ഖജനാവിൽ നിന്ന് വാടകയിനത്തിൽ ചോരുന്നത്. സമുച്ചയ നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ പണം അനുവദിച്ചിരുന്നു.

2023 ലെ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചത്

ഭൂമി വാങ്ങാൻ ₹ 35 കോടി

കെട്ടിട നിർമ്മാണം ₹ 10 കോടി

ആസ്ഥാനമന്ദിരം സ്ഥാപിക്കാൻ യൂണിവേഴ്സിറ്റിക്ക് ലഭിച്ച താല്പര്യപത്രം കളക്ടർക്ക് കൈമാറി. ഇന്നലെ ചർച്ചയും നടത്തി. തുടർ നടപടി സ്വീകരിക്കേണ്ടത് ജില്ലാ ഭരണകൂടവും സർക്കാരുമാണ്.

ഡോ. വി.പി. ജഗതിരാജ്, ഓപ്പൺ യൂണി. വൈസ് ചാൻസലർ

ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. 3.2920 ഹെക്ടർ സ്ഥലത്തിന്റെ വില നിശ്ചയത്തിനായി വാല്യുവേഷൻ തയ്യാറാക്കും. ഇതിൽ ഉൾപ്പെടുന്ന പുറമ്പോക്ക് സ്ഥലം യൂണിവേഴ്സിറ്റിക്ക് പാട്ടത്തിന് നൽകും.

എൻ.ദേവിദാസ്, ജില്ലാ കളക്ടർ

Advertisement
Advertisement