പാകിസ്ഥാന് ജയം

Wednesday 12 June 2024 12:59 AM IST

ന്യൂയോർക്ക് : ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്ന പാകിസ്ഥാന് ലോകകപ്പിലെ ആദ്യ ജയം. ഇന്നലെ കാനഡയെ ഏഴുവിക്കറ്റിന് തോൽപ്പിച്ചെങ്കിലും എ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാന് സൂപ്പർ എട്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കാറായിട്ടില്ല.

ഇന്നലെ ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാനഡ നിശ്ചിത 20 ഓവറിൽ 106/7 എന്ന സ്കോറിലൊതുങ്ങി.മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 15 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. മുഹമ്മദ് റിസ്‌വാൻ (53*) , ബാബർ അസം (33) എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാന് വിജയം നൽകിയത്. രണ്ടാം വിക്കറ്റിൽ ഇവർ 63 റൺസ് കൂട്ടിച്ചേർത്തു. ഇനി അയർലാൻഡിനെതിരെ ഒരു കളിമാത്രമാണ് പാകിസ്ഥാന് അവശേഷിക്കുന്നത്.

അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ ആരോൺ ജോൺസന്റെ ( 52) പോരാട്ടമാണ് കാനഡയെ ഈ സ്കോറിലെത്തിച്ചത്.44 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ച ആരോണിനെക്കൂടാതെ ഏഴാമനായി ഇറങ്ങിയ സാദ് ബിൻ സഫറും (10),എട്ടാമനായിറങ്ങിയ കലിം സനയും (13*) മാത്രമാണ് കനേഡിയൻ നിരയിൽ രണ്ടക്കം കണ്ടത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീൻ ഷാ അഫ്രീദിക്കും നസീം ഷായ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

മൂന്നാം ഓവറിൽതന്നെ നവ്നീത് ധലിവാളിനെ (4) ബൗൾഡാക്കി ആമിറാണ് കാനഡയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. ഒരറ്റത്ത് ആരോൺ പോരാട്ടം തുടരവേ ആറാം ഓവറിൽ അഫ്രീദി പർഗത് സിംഗിനെ കൂടാരം കയറ്റി. ഏഴാം ഓവറിൽ നിക്കോളാസ് കേർട്ടൻ (1) റൺഔട്ടായി. പത്താം ഓവറിൽ ഹാരീസ് റൗഫ് ശ്രേയസ് മൊവ്വയേയും (2), രവീന്ദർ പാൽ സിംഗിനെയും (0) മടക്കി അയച്ചതോടെ കാനഡ 54/5 എന്ന നിലയിലായി. 14-ാം ഓവറിൽ നസീം ഷായാണ് ആരോൺ ജോൺസണെ ബൗൾഡാക്കിയത്. 17-ാം ഓവറിൽ ആമിർ സാദ് ബിൻ സഫറിനെയും മടക്കി അയച്ചു.

Advertisement
Advertisement