കെട്ടിക്കിടക്കുന്നത് മൂന്ന് ലക്ഷം 'ജീവൻ"

Wednesday 12 June 2024 2:59 AM IST

തിരുവനന്തപുരം: 'ഓരോ ഫയലും ഓരോ ജീവിതമാണെന്ന്" മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും സെക്രട്ടേറിയറ്റിൽ പൊടിപിടിക്കുന്നത് 2,​99,​425 ഫയലുകൾ. മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയിൽ നൽകിയ കണക്കാണിത്. കൂടുതൽ ഫയൽ കെട്ടിക്കിടക്കുന്നത് തദ്ദേശ വകുപ്പിലാണ്, 1.68 ലക്ഷം. സെക്രട്ടേറിയറ്റിൽ പ്രതിമാസം ശരാശരി 20,000 ഫയലുകൾ പുതുതായി ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

ഫയൽ നീക്കത്തിന്റെ നൂലാമാലകളും ചുവപ്പുനാടയും കീഴ്‌വഴക്കങ്ങളുമാണ് വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ.
തീരുമാനമെടുക്കാനുള്ള അധികാരം മുകൾത്തട്ടിൽ കേന്ദ്രീകരിച്ചിട്ടുള്ള സംവിധാനവും ഫയൽ തീർപ്പാകുന്നതിന് തടസമാകുന്നുണ്ട്. സെക്ഷൻ ഓഫീസർക്കും വകുപ്പു സെക്രട്ടറിക്കുമിടയിൽ രണ്ടുതട്ടേ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവ്. പൊതുഭരണവകുപ്പിലടക്കം ഇതു നടപ്പാക്കി. എന്നാൽ ധനവകുപ്പിലെ ഭൂരിപക്ഷം സെക്ഷനുകളിലും മൂന്ന് മുതൽ അഞ്ച് തട്ടുകൾ വരെയുണ്ട്‌. ഇതാണ് ഫയൽ കുന്നുകൂടുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ വകുപ്പിനും അനുബന്ധമായി ധനവകുപ്പിൽ ഒരു സെക്ഷനുണ്ട്. വകുപ്പുകളുടെ ഫയലുകൾ ഇതുവഴിയാണ് പോകുന്നത്. പോകുമ്പോഴും തിരിച്ചുവരുമ്പോഴുമെല്ലാം ഫയലുകൾ ഈ സെക്ഷനിൽ അനാവശ്യമായി കയറിയിറങ്ങുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

നിവേദനങ്ങളും ഫയലാകും

 തപാലിലോ നേരിട്ടോ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും ഫയലാവും

 തപാൽ വിഭാഗം നമ്പറിട്ട് സെക്‌ഷനിലേക്ക്

 സെക്‌ഷൻ ഓഫീസർ അസിസ്റ്റന്റിന്

 അസിസ്റ്റന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തുമ്പോൾ ഫയലാകും

 പിന്നീട് സെക്‌ഷൻ ഓഫീസർക്ക്

 സെക്‌ഷൻ ഓഫീസർ അതത് ഓഫീസിലേക്കയയ്‌ക്കും

 ഒരു മാസത്തിനകം ഫയൽ സെക്രട്ടേറിയറ്റിലേക്ക് മടക്കണം

 വൈകിയാൽ അണ്ടർ സെക്രട്ടറിയോ മുകളിലോട്ടുള്ള ഉദ്യോഗസ്ഥനോ കത്തയയ്ക്കും

 മടങ്ങിയെത്തിയാൽ ഫയൽ വീണ്ടും പഴയ വഴിയിലൂടെ

 മന്ത്രിസഭ തീരുമാനിക്കേണ്ടവ മാറ്റും

 എതിർപ്പുണ്ടായാൽ വ്യക്തതയ്‌ക്ക് വീണ്ടും താഴേത്തട്ടിലേക്ക്

തീർപ്പാക്കൽ വൈകുന്നത്

1. കേസുകളിൽ ഉൾപ്പെട്ടവ

2. അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ടത്

3. ധനവകുപ്പിലെ കാലതാമസം

4. മന്ത്രിമാരുടെ നയതീരുമാനം വൈകുന്നത്

കെട്ടിക്കിടക്കുന്ന ഫയലുകൾ

 തദ്ദേശ സ്വയംഭരണം- 1.68 ലക്ഷം

 ആഭ്യന്തരം- 20,​000

 റവന്യു- 18,​000

 ആരോഗ്യം- 15,​000

 പൊതുവിദ്യാഭ്യാസം- 35,​000

2019ൽ 1.98 ലക്ഷം ഫയൽ

 2019ൽ കെട്ടിക്കിടന്ന ഫയൽ- 1.98 ലക്ഷം

 തീർപ്പായത്- 68,​000
 2022ൽ കെട്ടിക്കിടന്നവ- 1,75,415

 തീർപ്പായത്- 82,401

Advertisement
Advertisement