അമേരിക്കയെ ശ്രദ്ധിക്ക് രോഹിത്തേ...

Wednesday 12 June 2024 1:03 AM IST

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ - അമേരിക്ക പോരാട്ടം

ന്യൂയോർക്ക് : ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തോടെ സൂപ്പർ എട്ടിലേക്ക് ഔദ്യോഗികമായി കാലെട‌ുത്തുവയ്ക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയായി ആതിഥേയരായ അമേരിക്ക. ബാറ്റർമാർക്ക് കനത്ത വെല്ലുവിളിയായി ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിനാണ് ഇന്ത്യ -അമേരിക്ക പോരാട്ടം . ഇന്ത്യൻ വംശജരായ താരങ്ങളുടെ കരുത്തിൽ പാകിസ്ഥാനെ സൂപ്പർ ഓവറിൽ അട്ടിമറിച്ച ആത്മ വിശ്വാസവുമായി അമേരിക്ക ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ശ്രദ്ധിക്കാനേറെയുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തിൽ ട്വന്റി-20ലോകകപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിൽ ആൾ ഔട്ടാകേണ്ടിവന്നതുൾപ്പടെയുള്ള പിഴവുകൾ തിരുത്താനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇത്.

ഇന്ത്യയെപ്പോലെതന്നെ എ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചവരാണ് അമേരിക്കയും. റൺറേറ്റിന്റെ മികവിൽ ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമത്.

ആദ്യ മത്സരത്തിൽ അയർലാൻഡിനെയും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയുമാണ് രോഹിതും സംഘവും കീഴടക്കിയത്. അയർലാൻഡിനെ 16 ഓവറിൽ 96 റൺസിന് ആൾഔട്ടാക്കിയശേഷം 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. പാകിസ്ഥാനെതിരെ ആറു റൺസിനായിരുന്നു ജയം. അമേരിക്ക ആദ്യ മത്സരത്തിൽ കാനഡയെ ഏഴുവിക്കറ്റിനാണ് കീഴടക്കിയത്. പാകിസ്ഥാനെതിരെ സൂപ്പർ ഓവറിൽ 18 റൺസ് പ്രതിരോധിച്ച് വിജയം കണ്ടു. കൈവിട്ടുപോയെന്നുകരുതിയ വിജയമാണ് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയെടുത്തത്. നിർണായക സമയത്ത് മികച്ച ഫോമിലായിരുന്ന പാക് ബാറ്റർ മുഹമ്മദ് റിസ്‌വാനെ ബൗൾഡാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ് ഇന്നും ഇന്ത്യയുടെ തുറുപ്പുചീട്ട്. ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് ഉയർത്തപ്പെട്ട അക്ഷർ പട്ടേൽ ആൾറൗണ്ടർ എന്ന നിലയിലെ തന്റെ ദൗത്യം നിറവേറ്റിയതാണ് പാകിസ്ഥാനെതിരെ നിർണായകമായ മറ്റൊരു ഘടകം. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 18 പന്തുകളിൽ 20 റൺസ് നേടിയ പട്ടേൽ രണ്ടോവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ബൗളിംഗിൽ മികവ് കാട്ടിയ ഹാർദിക് പാണ്ഡ്യയും സിറാജും വിജയത്തിന് ആക്കം നൽകി.

ഇന്ത്യ ശ്രദ്ധിക്കേണ്ടത്

ന്യൂയോർക്കിലെ റിമൂവബിൾപിച്ച് മികച്ച ബാറ്റർമാർക്ക് പോലും വെല്ലുവിളിയാണ്. ഐ.പി.എൽ ശൈലിയിൽ ഷോട്ടുകൾക്ക് ശ്രമിച്ചാൽ അടിപതറി വീണുപോകുമെന്ന് കഴിഞ്ഞ മത്സരങ്ങൾ തെളിയിച്ചതാണ്.

മികച്ച ബൗളിംഗ് നിരയ്ക്ക് എതിരെ കഴിഞ്ഞ മത്സരത്തിൽ വിരാടും രോഹിതും അടക്കമുള്ളവർ വിഷമിച്ചിരുന്നു. പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാകാതെ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനാണ് ബാറ്റർമാർ ശ്രമിക്കേണ്ടത്.

ന്യൂയോർക്കിൽ ചേസിംഗാണ് വിഷമകരമെന്ന് ഇതുവരെയുള്ള മത്സരഫലങ്ങൾ തെളിയിക്കുന്നു. ടോസ് ലഭിച്ചാൽ ഇരു ടീമുകളും ആദ്യ ബാറ്റിംഗിനാകും ശ്രമിക്കുക.

ഇന്ത്യൻ താരങ്ങൾക്കൊപ്പം ജൂനിയർ തലത്തിൽ കളിച്ച് പരിചയമുള്ളവരാണ് അമേരിക്കയുടെ കുപ്പായത്തിലിറങ്ങുന്നത്. നായകൻ മോനാങ്ക് പട്ടേൽ,ആരോൺ ജോൺസ്, ആന്ദ്രീസ് ഗൗസ്,സ്റ്റീവൻ ടെയ്ലർ, മുൻ ന്യൂസിലാൻഡ് താരം കൊറേയ് ആൻഡേഴ്സൺ എന്നിവരൊക്കെയാണ് ബാറ്റിംഗിലെ ശക്തർ.

പാകിസ്ഥാനെതിരെ സൂപ്പർ ഓവറിൽ പന്തെറിഞ്ഞ സൗരഭ് നേത്രവാൽക്കർ, നോസ്തുഷ് കെനീഗെ,ഹർമീത് സിംഗ്,അലി ഖാൻ,ജസ്ദീപ് സിംഗ് തുടങ്ങിയവരാണ് ബൗളിംഗിലെ കേമൻമാർ.

ന്യൂയോർക്കിലെ ക്രിത്രിമ പിച്ചിൽ കളിച്ച് പരിചയം കൂടുതലുള്ളത് അമേരിക്കയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

അമേരിക്ക : മോനാങ്ക് പട്ടേൽ(ക്യാപ്ടൻ),ആരോൺ ജോൺസ്, ആന്ദ്രീസ് ഗൗസ്,സ്റ്റീവൻ ടെയ്ലർ,കൊറേയ് ആൻഡേഴ്സൺ, നിതീഷ് കുമാർ, ഷയാൻ ജഹാംഗീർ,സൗരഭ് നേത്രവാൽക്കർ, നോസ്തുഷ് കെനീഗെ,ഹർമീത് സിംഗ്,അലി ഖാൻ,ജസ്ദീപ് സിംഗ്, മിലിന്ദ് കുമാർ,നിസർഗ് പട്ടേൽ,ഷേഡ്‌ലി.

1

ഇന്ത്യയും അമേരിക്കയും തമ്മിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

8pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും ലൈവ്.

Advertisement
Advertisement