ആലപ്പുഴയിൽ ന്യൂനപക്ഷ വോട്ട് ചോർന്നു: ജി.സുധാകരൻ

Wednesday 12 June 2024 1:04 AM IST

ആലപ്പുഴ: ക്രൈസ്തവ, മുസ്ളിം ന്യൂനപക്ഷ വിഭാഗങ്ങളിലെ വോട്ട് ചോർച്ചയാണ് പുന്നപ്ര വയലാറിലുൾപ്പെടെ ജില്ലയിൽ പലയിടത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമെന്ന് ജി. സുധാകരൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

അടിസ്ഥാന വികസനമാണ് ജനപിന്തുണയുടെ അടിസ്ഥാനം. ഒന്നാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാത്തതാണ് തോൽവിക്ക് കാരണം. കഴിഞ്ഞതവണ ആരിഫ് വിജയിക്കുമ്പോൾ ബൈപ്പാസ് ഇവിടെ പണി പൂർത്തിയായി കിടക്കുകയായിരുന്നു. ഞാൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് വലിയ വികസനമുണ്ടായത്. ആ റോഡും പാലവും കണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തത്. ഒന്നാം പിണറായി സർക്കാരിൽ എല്ലാവകുപ്പും മികച്ചതായിരുന്നു. അതിന്റെ പേരിലാണ് പുതിയ പിണറായി സർക്കാർ വന്നത്. എന്നാൽ ഇന്ന് കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങൾ ഒരു എം.എൽ.എ പോലും പറയുന്നില്ല. അതേസമയം,​ ചാനലിന് നൽകിയ അഭിമുഖം വളച്ചൊടിക്കപ്പെട്ടതായും വാചകങ്ങൾ മുറിച്ചെടുത്ത് ദുരുദ്ദേശ്യപരമായി ഉപയോഗിച്ചതായും സുധാകരൻ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement