ഖത്തർ ചതിച്ചതാ....

Wednesday 12 June 2024 1:05 AM IST

ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലെത്താനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി

രണ്ടാം ഘട്ടത്തിലെ അവസാന മത്സരത്തിൽ ഖത്തറിനോട് 2-1ന് തോറ്റ് ഇന്ത്യ

ഖത്തർ സമനില ഗോൾ നേടിയത് ലൈനിന് പുറത്ത്പോയ പന്ത് പിടിച്ചെടുത്ത്

ദോഹ: ജയിച്ചുനിന്ന ഇന്ത്യയെ ചതിയിലൂടെ തളർത്തിയ ഖത്തർ ഇന്നലെ തല്ലിക്കെടുത്തിയത് 140 കോടി ജനങ്ങളുടെ ഫുട്ബാൾ സ്വപ്നങ്ങളെ!. ദോഹയിൽ ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തിലെ അവസാന മത്സരത്തിന്റെ 73-ാം മിനിട്ടുവരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയെ ലൈനിന് പുറത്തുപോയ പന്ത് പിടിച്ചെടുത്ത് വലയിലേക്ക് അടിച്ചുകയറ്റി ഗോളാക്കി സമനിലയിൽ പിടിച്ച ആതിഥേയർ ആ ചതിയിൽ തളർന്നുപോയവരുടെ നെഞ്ചിലേക്ക് ഒരു ഗോളുകൂടി ചാർത്തി വിജയാഘോഷം നടത്തുകയായിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ കടക്കാനുള്ള ഇന്ത്യയുടെ സുവർണാവസരമാണ് നഷ്ടമായത്.

ഖത്തറിനെ തോൽപ്പിച്ചാൽ മൂന്നാം റൗണ്ടിൽ കടക്കാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യ 37-ാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെയിലൂടെ ഖത്തറിന്റെ വലചലിപ്പിച്ചതോടെയാണ് പ്രതീക്ഷകൾ പൂത്തത്. ബ്രാൻഡൻ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നാണ് ചാംഗ്തെ സ്കോർ ചെയ്തത്. യോഗ്യതാ റൗണ്ട് എ ഗ്രൂപ്പിൽ ഇതേ സമയത്ത് നടന്ന കുവൈറ്റ് - അഫ്ഗാൻ മത്സരം അപ്പോൾ സമനിലയിലായിരുന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷയേകി.

എന്നാൽ 73-ാം മിനിട്ടിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഖത്തറിന്റെ ഒരു മുന്നേറ്റം ഗോൾ പോസ്റ്റിന് പുറത്തുവച്ച് ഇന്ത്യൻ ക്യാപ്ടനും ഗോളിയുമായ ഗുർവീന്ദർ സന്ധുവിനെ കടന്ന് ലൈനിന് പുറത്തേക്ക് പോയി. ഡൈവ് ചെയ്ത് പന്തിന് പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്ന സന്ധുവിന്റെ പിന്നിലേക്ക് കാൽനീട്ടി ഖത്തറിന്റെ അൽ ഹാഷിം അൽ ഹുസൈൻ പുറത്തുനിന്ന് വലിച്ചെടുത്ത് അകത്തേക്ക് നൽകിയ പന്ത് യൂസുഫ് അയ്മൻ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ റഫറി ഗോൾ വിധിക്കുകയായിരുന്നു. ഈ ചതിക്കെതിരെ ഇന്ത്യൻ താരങ്ങൾ ശക്തമായി പ്രതിഷേധിച്ചിട്ടും റഫറി വഴങ്ങിയില്ല. ഇതോടെ മനോവീര്യം നഷ്ടപ്പെട്ട ഇന്ത്യൻ നിരയിലേക്ക് 85-ാം മിനിട്ടിൽ അഹമ്മദ് അൽ റാവിയിലൂടെ രണ്ടാമതും ഗോൾ വർഷിച്ച് അർഹതയില്ലാത്ത വിജയം ആഘോഷിച്ചു. 81-ാം മിനിട്ടിൽ നേടിയ ഗോളിന് അഫ്ഗാനെ തോൽപ്പിച്ച കുവൈറ്റ് ഖത്തറിനൊപ്പം ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടന്നു.

Advertisement
Advertisement