ജലജന്യ രോഗങ്ങൾ: സംഭരണികൾ ശുദ്ധീകരിച്ച് വാട്ടർ അതോറിറ്റി

Wednesday 12 June 2024 1:06 AM IST

കൊല്ലം: മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതോടെ സംഭരണികൾ തിടുക്കത്തിൽ ശുദ്ധീകരിക്കാൻ വാട്ടർ അതോറിറ്റി. സാധാരണ മൂന്ന് മാസത്തിലൊരിക്കലാണ് ശുദ്ധീകരണം നടക്കുന്നത്.

വേനലിൽ പമ്പിംഗ് നിറുത്തിവയ്‌ക്കാൻ കഴിയാത്തതിനാൽ വേനൽ മഴയ്‌ക്കും മൺസൂണിനും ഇടയ്‌ക്കുള്ള സമയത്താണ് സാധാരണ ശുചീകരണം നടത്തിയിരുന്നത്. എന്നാൽ പതിവിന് വിപരീതമായി വേനൽ മഴ കടുക്കുകയും ഇടവേളയില്ലാതെ കാലവർഷം എത്തുകയും ചെയ്‌തതോടെയാണ് ശുദ്ധീകരണം മുടങ്ങിയത്.

ഇതിനിടെ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് കുടിവെള്ള വിതരണം നിറുത്തിവച്ച് വൃത്തിയാക്കാൻ വാട്ടർ അതോറിറ്റി സർക്കുലർ ഇറക്കിയത്. ജില്ലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയും ശാസ്താംകോട്ട ശുദ്ധജല പദ്ധതിയുമാണ് നിലവിലുള്ളത്.

1. ജപ്പാൻ കുടിവെള്ള പദ്ധതി

കല്ലടയാറ് മുഖ്യസ്രോതസായ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 25 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പുനലൂർ പനംകുറ്റി മലയിലെ മാസ്‌റ്റർ റിസർവോയറും 10 ലക്ഷം ശേഷിയുള്ള ക്ലിയർ വാട്ടർ പ്ലാന്റും 15 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിൽ സംഭരണ ശേഷിയുള്ള 14 സബ് ടാങ്കുകളുമാണ് ശുദ്ധീകരിക്കുന്നത്.

2. ശാസ്‌താംകോട്ട ശുദ്ധജല തടാകം

ശാസ്‌താംകോട്ട ശുദ്ധജല തടാക പദ്ധതിയുടെ ലേക്ക് സൈറ്റിലെ 10 ലക്ഷം ശേഷിയുള്ള പ്ലാന്റിലും കക്കാക്കുന്നിലെ 8.34 ലക്ഷത്തിന്റെ സംഭരണിയിലും ചേലൂരിലെയും എച്ച്.എസ് ജംഗ്‌ഷനിലെയും രണ്ട് ലക്ഷം വീതം ശേഷിയുള്ള രണ്ട് ടാങ്കുകളും ശുദ്ധീകരിക്കും.

ജലജന്യരോഗങ്ങളുടെ സാഹചര്യത്തിലാണ് അടിയന്തര ശുചീകരണമെങ്കിലും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ഉൾപ്പടെയുള്ള മുൻകരുതൽ സ്വീകരിക്കാറുണ്ട്.

വാട്ടർ അതോറിറ്റി അധികൃതർ

ജലവിതരണം മുടങ്ങും

ജലസംഭരണികളുടെ ശുചീകരണം നടക്കുന്നതിനാൽ കൊല്ലം കോർപ്പറേഷനിലെ വടക്കേവിള, ഇരവിപുരം, കിളികൊല്ലൂർ മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Advertisement
Advertisement