സുരേഷ് ഗോപിയും ജോർജ് കുര്യനും ചുമതലയേറ്റു
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപി പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളിലും ജോർജ് കുര്യൻ ഫിഷറീസ്-മൃഗസംരക്ഷണ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലും ചുമതലയേറ്റു. ഇന്നലെ രാവിലെ 10ന് പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലെ ശാസ്ത്രിഭവനിലെ പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിലാണ് സുരേഷ് ഗോപി ആദ്യമെത്തിയത്. ഉദ്യോഗസ്ഥർ സ്വീകരിച്ചു. മന്ത്രാലയത്തിന്റെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രി ഹർദീപ് സിംഗ് പുരിയും ബൊക്കെ നൽകി സ്വാഗതം ചെയ്തു.
മന്ത്രാലയത്തിലെ സീറ്റിലിരുന്ന് നിയമന ഉത്തരവിൽ നിരവധി തവണ തൊട്ടു തൊഴുത ശേഷം ഒപ്പിട്ട് ചുമതലയേറ്റു. അവിടെ അല്പനേരം ചെലവിട്ടശേഷം അരക്കിലോമീറ്റർ മാറി ട്രാൻസ്പോർട്ട് ഭവനിൽ സ്ഥിതിചെയ്യുന്ന ടൂറിസം മന്ത്രാലയത്തിലെത്തി. വകുപ്പ് സെക്രട്ടറി വി.വിദ്യാവതിയും മുതിർന്ന ഉദ്യോഗസ്ഥരും വരവേറ്റു. മുതിർന്ന ഉദ്യോഗസ്ഥരുമായി അല്പനേരം ആശയവിനിമയം.
12.30ന് തിരികെ പെട്രോളിയം മന്ത്രാലയത്തിലേക്ക്. അവിടെ മന്ത്രി ഹർദീപ് സിംഗ് പുരിക്കൊപ്പം പത്രസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക്. ശേഷം തനിക്ക് ലഭിക്കാനിടയുള്ള ഔദ്യോഗിക വസതികൾ നോക്കാനിറങ്ങി. വൈകിട്ട് ഏഴിന് വിമാനത്തിൽ കോഴിക്കോട്ടേക്ക് മടങ്ങി.ശാസ്ത്രീഭവന് തൊട്ടടുത്തുള്ള കൃഷി ഭവനിൽ പ്രവർത്തിക്കുന്ന ഫിഷറീസ്, ക്ഷീര-മൃഗസംരക്ഷണ മന്ത്രാലയത്തിൽ രാവിലെ 11.20ന് ജോർജ് കുര്യൻ എത്തി. വകുപ്പിലെ ക്യാബിനറ്റ് മന്ത്രിയും ജെ.ഡി.യു നേതാവുമായ ലലൻ സിംഗ് എത്താനായി കാത്തിരുന്നു.
അല്പസമയം കഴിഞ്ഞ് അദ്ദേഹമെത്തി. തുടർന്ന് ലലൻ സിംഗ്, മറ്റൊരു സഹമന്ത്രി എസ്.പി.സിംഗ് ഭഗേൽ, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിനുശേഷം ഉച്ചയ്ക്ക് 1.10ന് ഓഫീസിലെത്തി ചുമതലയേറ്റു. വൈകിട്ട് 3.45ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള സി.ജി.ഒ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ മന്ത്രാലയത്തിലുമെത്തി ചുമതലയേറ്റു. ഉദ്യോഗസ്ഥരടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു.
ചുമതലയേറ്ര് മറ്ര് മന്ത്രിമാരും
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത്ഷാ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ തുടങ്ങിയ ക്യാബിനറ്റ് മന്ത്രിമാരും മറ്റ് സഹമന്ത്രിമാരും ഇന്നലെ ചുമതലയേറ്റു.
കേരളത്തിന് എയിംസ്
നേടിയെടുക്കും: സുരേഷ് ഗോപി
കേരളം ഏറെ ആഗ്രഹിക്കുന്ന എയിംസ് യാഥാർത്ഥ്യമാക്കൽ പ്രധാന പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രിയായി ചുമതലയേറ്റശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മന്ത്രി ജെ.പി.നദ്ദയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേരളത്തിലെ, പ്രത്യേകിച്ച് തൃശൂരിലെ ജനങ്ങളുടെ ആളായിരിക്കും. അവരാണ് അവസരം നൽകിയത്. അവരെ വണങ്ങുന്നു. തൃശൂരിലൂടെ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കും. ഒരിക്കൽ വന്നുപോയ ടൂറിസ്റ്റുകളെ വീണ്ടും വരാൻ പ്രേരിപ്പിക്കണം. അതിന് അടിസ്ഥാന വികസനത്തിൽ നിന്ന് തുടങ്ങണം. പ്രധാനമന്ത്രിയുടെയും സീനിയർ മന്ത്രിമാരുടെയും നിർദ്ദേശങ്ങൾ കേൾക്കേണ്ടതുണ്ട്.
സിനിമാ സെറ്റിൽ എന്റെ ഓഫീസും പ്രവർത്തിക്കും. ഔദ്യോഗിക കാര്യങ്ങൾക്ക് തടസമുണ്ടാകില്ല. മന്ത്രിസ്ഥാനവും സിനിമയും ഒന്നിച്ച് കൊണ്ടുപോകും. രാഷ്ട്രീയത്തിനായി സിനിമയെ ഉപേക്ഷിക്കില്ല. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്നലെ അമിത് ഷാ വിളിച്ച് സംസാരിച്ചപ്പോൾ നൽകിയ ഉറപ്പുകൾ ആത്മവിശ്വാസം നൽകുന്നതാണ്.
മുഖ്യമന്ത്രിയുടെ പരാമർശം :
പ്രതികരിക്കാതെ ജോർജ് കുര്യൻ
യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗിവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവരദോഷി പരാമർശത്തോട് ജോർജ് കുര്യൻ പ്രതികരിച്ചില്ല. ചുമതലയേറ്റ ആദ്യദിനം തന്നെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി.ജോർജ് കുര്യനെ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ന്യൂനപക്ഷകാര്യ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. കേരളത്തിൽ നിന്ന് ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചു. കേരള ജനതയ്ക്ക് നന്ദിയെന്നും കിരൺ റിജിജു പറഞ്ഞു.ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തിയെന്ന് വി.മുരളീധരൻ അറിയിച്ചു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
ജോർജ് കുര്യൻ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റപ്പോൾ അതിന് സാക്ഷിയാകാൻ കേരളത്തിൽനിന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരുമെത്തി. അഡ്വ. എസ്. സുരേഷ്, ബി.രാധാകൃഷ്ണ മേനോൻ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി. അരുൺ പ്രകാശ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംകൃഷ്ണൻ, ആർ.എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. രതീഷ്, അഖിൽ വർഗീസ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ.എം.അബ്ദുൾ സലാം, പ്രസന്നൻ പിള്ള, സുമിത്ത് ജോർജ്, ലാൽ കൃഷ്ണ, ബി.ജെ.പി ഡൽഹി കേരള സെൽ ഭാരവാഹികളായ ശശി മേനോൻ, ശശിധരൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.