വിജയത്തിൽ ലീഗ് മത്ത് പിടിക്കരുത് : മുഖ്യമന്ത്രി

Wednesday 12 June 2024 2:27 AM IST

തിരുവനന്തപുരം : ലോകസഭാതിരഞ്ഞെടുപ്പിന്റെ പേരിൽ മുസ്ളീം ലീഗും യു.ഡി.എഫും അഹങ്കരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇടതുമുന്നണിക്കുണ്ടായ പരാജയം ആത്യന്തികമല്ല.ജനങ്ങളുടെ സഹകരണത്തോടെ തിരിച്ചെത്തുക തന്നെ ചെയ്യും. ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയം മുസ്ളീം ലീഗിനെ മത്ത് പിടിപ്പിച്ചിരിക്കുകയാണ്. സഭയിൽ ലീഗ് അംഗം പി.കെ.ബഷീർ പറഞ്ഞത് ഇടതുമുന്നണിക്ക് നാണവും ഉളുപ്പും ഇല്ലെന്നാണ്. ഇടതുമുന്നണിക്ക് ഉളുപ്പ് തോന്നേണ്ട സാഹചര്യം ഇപ്പോഴില്ല. സഭയിൽ ലീഗ് അംഗം എൻ.ഷംസുദ്ദീൻ പൊട്ടിപ്പാളീസായില്ലേ എന്നിട്ട് വെറുതെ കുരയ്ക്കേണ്ട എന്ന് ഭരണപക്ഷ ബെഞ്ചിനെനോക്കി പറഞ്ഞതിനെയും മുഖ്യമന്ത്രി വിമർശിച്ചു. വിജയം ലീഗിനെ മത്ത് പിടിപ്പിച്ചിരിക്കുകയാണ്, അത് ഒരിക്കലും നല്ലതിനല്ല - അദ്ദേഹം ആവർത്തിച്ചു.

നിയമസഭയിലേക്കും ലോക്സഭയിലേക്കും വ്യത്യസ്തരീതിയിലാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നതിന് നിരവധി ഉദാഹരണങ്ങൾ കർണാടകത്തിലും കേരളത്തിലും സമീപകാല തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധിയെ വിമർശിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. തൃശ്ശൂരിലെ ബി.ജെ.പി.യുടെ വിജയമാണ് നിങ്ങളും ഞങ്ങളും ഗൗരവമായി കാണേണ്ടത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുമുന്നണിക്ക് 71.56 ലക്ഷത്തിൽ നിന്ന് 66.64 ലക്ഷമായും യു.ഡി.എഫിന് 96.29 ലക്ഷത്തിൽ നിന്ന് 90.17ലക്ഷമായും വോട്ടുകുറഞ്ഞു.ബി.ജെ.പി.ഒരു സീറ്റിൽ നിന്ന് 11സീറ്റുകളിലേക്ക് ലീഡ് വർദ്ധിപ്പിച്ചു.ഇത് കാണാതിരിക്കരുത്.

ഇതിനിടയിൽ പ്രതികരിക്കാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളെ, പറയുന്നത് ശ്രദ്ധിച്ച് കേട്ട് വസ്തുതകൾ ആലോചിക്കണം.അല്ലാതെ ബ്ബ,ബ്ബ... എന്ന് പറയരുതെന്ന് മുഖ്യമന്ത്രി കയർത്തു.

Advertisement
Advertisement