ഒഴിവുകൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കും

Wednesday 12 June 2024 2:33 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പി.എസ്.സി.നിയമനം വേഗത്തിലും സുതാര്യവുമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകൾ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കും.വാർഷിക കലണ്ടർ തയ്യാറാക്കി പരീക്ഷകളുടെ വിജ്ഞാപനവും തുടർനടപടികളും സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്.2021 മേയ് 21 മുതൽ 2024 മോയ്31 വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2808 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ കാലയളവിൽ 88,852 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്.

വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ടത്തിന് വനം മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂർത്തിയായി ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും.

കേന്ദ്ര നടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെൻഷനുകളുടെ വിതരണം ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.പെൻഷൻവിതരണം അതത് മാസം നടത്താനും നടപടിയെടുക്കും..

Advertisement
Advertisement