വിവാഹം തടഞ്ഞു, പിതാവിനെ കത്തിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Wednesday 12 June 2024 2:39 AM IST
അറസ്റ്റിലായ ബിപിൻ

അടിമാലി: ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹം തടഞ്ഞ പിതാവിനെ കത്തിച്ചു കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. മാങ്കുളം മുപ്പത്തിമൂന്നിൽ പാറേക്കുടിയിൽ തങ്കച്ചനെ (55) കൊലപ്പെടുത്തിയ കേസിൽ മകൻ ബിപിനെയാണ് (36) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. അധികം ആൾപാർപ്പില്ലാത്ത മുപ്പത്തിമൂന്ന് പ്രദേശത്തെ വീട്ടിൽ തങ്കച്ചനും മകൻ ബിപിനും മാത്രമാണ് താമസിച്ചിരുന്നത്. ബിപിന്റെ മാതാവ് വർഷങ്ങൾക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച്പോയതാണ്. അടുത്തിടെ തന്നേക്കാൾ പ്രായം കൂടിയതും വിധവയായ സ്ത്രീയ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും പിതാവിനോട് ബിപിൻ പറഞ്ഞു. എന്നാൽ തങ്കച്ചൻ ഈ ബന്ധത്തെ എതിർത്തു. ഞായറാഴ്ച വൈകിട്ട് ഇതേചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനൊടുവിൽ വാക്കത്തികൊണ്ട് ബിപിൻ തലയ്ക്കടിച്ചു. നിലത്തുവീണ തങ്കച്ചൻ മരിച്ചെന്ന് കരുതിയ ബിപിൻ ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും ഊരിയെടുത്തു. ഇതിന് ശേഷം തങ്കച്ചനെ സമീപത്തെ ഷെഡിലെത്തിച്ച് ഡീസലും മണ്ണെണ്ണയും ഒഴിച്ച് പ്ലാസ്റ്റിക്കും പടുതയും കൂട്ടിയിട്ട് കത്തിച്ചു. . തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് മൂടി. തൊട്ടടുത്ത കൃഷിഭൂമിയിൽ പണി ചെയ്യാനെത്തിയ ആൾ തിങ്കളാഴ്ച വൈകിട്ട് ഈ വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കാണുന്നത്. ഇതിനിടെ താനുമായി ബന്ധത്തിലുണ്ടായിരുന്ന യുവതിയുമായി എറണാകുളത്തേക്ക് പോകാനുള്ള ശ്രമത്തിനിടെ ബിപിനെ മൂന്നാർ സി.ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് മാങ്കുളത്ത് നിന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബിപിൻ കുറ്റം സമ്മതിച്ചു. എന്നാൽ സംഭവത്തിൽ യുവതിയ്ക്ക് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Advertisement
Advertisement