'എംകെ രാഘവന്റേത് ദുരുദ്ദേശപരമായ രാഷ്‌ട്രീയം'; കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി കേരളത്തിലെത്തി സുരേഷ് ഗോപി

Wednesday 12 June 2024 7:56 AM IST

കോഴിക്കോട്: എയിംസ് കോഴിക്കോടുതന്നെ വരണമെന്ന് പറയാൻ എം കെ രാഘവന് അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്കും തന്റേതായ അവകാശമുണ്ട്. തന്റെ അഭിപ്രായം 2016ൽ പറഞ്ഞതാണ്. അതിപ്പോഴും നിലനിൽക്കുന്നുണ്ട്. എം കെ രാഘവൻ പറഞ്ഞതിലാണ് ദുരുദ്ദേശപരമായ രാഷ്ട്രീയമുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസ് കോഴിക്കോട്ടുകാരുടെ മാത്രം സ്വപ്‌നമല്ല, മലബാറിന്റെ ആവശ്യമാണെന്നാണ് കഴിഞ്ഞദിവസം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ കോഴിക്കോട്ടെ നിയുക്ത എംപി എം കെ രാഘവൻ പറഞ്ഞത്. അതിന് ആവശ്യമായ ഭൂമി കിനാലൂരിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സുരേഷ്‌ഗോപി എയിംസ് തൃശ്ശൂരിൽ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. എയിംസിനായുള്ള ശ്രമം തുടരുമെന്നും കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി. 'എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ക്ഷേത്രങ്ങളുമായും വ്യക്തികളുമായും. എല്ലാ വിഭാഗം ആളുകളും എന്നെ പിന്തുണച്ചിട്ടുണ്ട്. എനിക്ക് അതൊന്നും മുറിച്ചുകളയാൻ പറ്റില്ല. ഞാൻ പണ്ടുമുതൽതന്നെ അങ്ങനെയാണ്. തൃശൂരിലെയും ഭാരതത്തിലെയും എല്ലാ ജനങ്ങളെയും വാരിപ്പുണർന്നുകൊണ്ടാണ് ഞാൻ തുടങ്ങിയിരിക്കുന്നത്. എന്നെ ദൈവമായിട്ട് ജനങ്ങളുടെ മനസിൽ തോന്നിപ്പിച്ച്, ജനങ്ങൾ എന്നെ തിരഞ്ഞെടുത്തതാണ്. ഇതിനായി തൃശൂരിലെ കാര്യകർത്താക്കൾ ഒന്നര വർഷത്തോളമാണ് പ്രവർത്തിച്ചത്. ജനങ്ങളും അവരുമാണ് ഇനിയെന്റെ ഉത്തരവാദിത്തം'- ദർശനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ബിജെപി ഓഫീസായ മാരാർജി ഭവനിലെത്തി പ്രവർത്തകരോട് സംസാരിച്ചതിനുശേഷം രാവിലെ ഒൻപതരയോടെ സുരേഷ് ഗോപി കണ്ണൂരിലേയ്ക്ക് പുറപ്പെടും. അന്തരിച്ച ചലച്ചിത്ര നിർമാതാവ് പി വി ഗംഗാധരന്റെ വീട് സന്ദർശിക്കുമെന്നും വിവരമുണ്ട്. തുടർന്ന് കണ്ണൂരിലെത്തി പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിനുശേഷം പയ്യാമ്പലത്തെ മാരാർജി സ്‌മൃതി കുടീരവും സന്ദർശിക്കും. തുടർന്ന് ഇ കെ നായരാരുടെ ഭാര്യ ശാരദ ടീച്ചറെയും സന്ദർശിക്കുമെന്നാണ് വിവരം.

Advertisement
Advertisement