കേരളത്തിന്റെ പ്രതീക്ഷയായിരുന്ന റബർ ബംഗാളികൾ കൊണ്ടുപോയി, കൃഷി വ്യാപിപ്പിക്കാൻ പഞ്ചവത്സര പദ്ധതി

Wednesday 12 June 2024 10:17 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള ടയർ കയറ്റുമതി 12 ശതമാനം വർദ്ധിച്ചു. വികസിത രാജ്യങ്ങളിലെ മാന്ദ്യം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, നാണയപ്പെരുപ്പം എന്നിവ കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ ടയർ കയറ്റുമതിയെ സാരമായി ബാധിച്ചുവെന്ന് ടയർ നിർമ്മാതാക്കൾ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൊത്തം ടയർ കയറ്റുമതി 23,073 കോടി രൂപയായിരുന്നു.


ടയർ നിർമാണത്തിന് ആവശ്യമായ സ്വാഭാവിക റബർ ക്ഷാമം പരിഹരിക്കാൻ സർക്കാർ സഹായത്തോടെ റബർ കൃഷി വ്യാപകമാക്കുമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അർണബ് ബാനർജി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലുമാണ് പഞ്ചവത്സര പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്. ലക്ഷ്യത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് പൂർത്തിയായത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. 1100 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ അഞ്ച് പ്രധാന ടയർ നിർമ്മാതാക്കളാണ് ഇതിനായി മുൻകൈ എടുക്കുന്നത്. ട്രാക്‌ടർ ടയറുകൾ മുതൽ വിമാന ടയറുകൾ വരെ ഇന്ത്യയിലെ ടയർ കമ്പനികൾ നിർമ്മിക്കുന്നു.

ടയർ വിപണി

മൊത്തം വിറ്റുവരവ് 90,000 കോടി രൂപ
കയറ്റുമതി 23,000 കോടി രൂപ


യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇന്ത്യൻ നിർമ്മിത ടയറുകൾക്ക് സ്വീകാര്യത കൂടിയതും കയറ്റുമതി കൂടാൻ ഇടയാക്കി.

രാജീവ് ബുധരാജ,ഡയറക്ടർ ജനറൽ ആത്മ

Advertisement
Advertisement