നെടുങ്കണ്ടം കസ്റ്റഡി മരണം: എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ
നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗ്ഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
നെടുങ്കണ്ടം എസ്.ഐ കെ..എ. സാബു, എ.എസ്.ഐ സി.ബി റെജിമോൻ, പൊലീസ് ഡ്രൈവർമാരായ പി.എസ് .നിയാസ്, സജീവ് ആന്റണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 12 മുതൽ 16 വരെ രാജ്കുമാർ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മറച്ച് വച്ചു, പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് തയ്യാറായില്ല. തുടങ്ങിയ കുറ്റങ്ങളാണ് റോയി പി. വർഗ്ഗീസിനെതിരെയുള്ളത്. സി.പി.ഒ ജിതിൻ കെ. ജോർജ്ജ്, ഹോം ഗാർഡ് കെ.എം ജയിംസ് എന്നിവർ രാജ്കുമാറിനെ മർദ്ദിക്കാൻ കൂട്ടുനിന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഉരുട്ടിക്കൊലയെന്ന് ആരോപണം ഉയർന്നതോടെ അന്നത്തെ ജില്ലാ പൊലീസ് മേധാവി നെടുങ്കണ്ടം എസ്.ഐ അടക്കം എട്ട് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് സൂചന ..