മീൻകൂട്ടി ചോറുണ്ണാമെന്ന് കൊതിക്കേണ്ട; തീവില, 500ന് അടുത്തെത്തി മലയാളികളുടെ പ്രിയ മത്സ്യം

Wednesday 12 June 2024 11:10 AM IST

മത്തി ഒരു ചെറിയ മീനല്ല. വില കേട്ടാൽ ഞെട്ടും. കോലഞ്ചേരി മേഖലയിൽ മത്തിയുടെ ചില്ലറ വില ഇന്നലെ കിലോയ്ക്ക് 450 രൂപയായി!. തൊട്ടു പിന്നാലെ അയലയുമുണ്ട്, 380. കേര, സ്രാവ്, ചൂര എന്നീ വലിയ മീനുകളോടൊപ്പം കിടപിടിക്കും ചെറിയ മീനുകളുടെ വില.

കേര 440, സ്രാവ് 460, ചൂര 380 എന്നിങ്ങനെയാണ് വലിയ മീനുകളുടെ വില. കിളിമീൻ 280, കൊഴുവ 250 എന്നിങ്ങനെയാണ് മലയാളിയുടെ തീൻമേശയിലെ പ്രിയ ചെറുമത്സ്യങ്ങളുടെ വിലനിലവാരം. ഒരാഴ്ച മുമ്പ് 200 രൂപയിൽ താഴെ വിലയുണ്ടായിരുന്നവയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ വില കത്തിക്കയറിയത്. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യത. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുന്നത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് മീനെത്തി തുടങ്ങിയാൽ വില കുറഞ്ഞേക്കും.

വലഞ്ഞ് ഹോട്ടലുടമകൾ

പച്ചക്കറി വില അടിക്കടി ഉയരുന്നതിൽ തകർന്നിരിക്കുന്ന ഹോട്ടലുടമകൾക്ക് ഇരുട്ടടിയാണ് മീൻ വിലയിലെ വർദ്ധന. ചോറും മീനും 100 - 110 നിരക്കിലായിരുന്നു കഴിഞ്ഞയാഴ്ച വരെ വില്പന. പെട്ടെന്ന് വില ഉയർത്തുന്നത് കച്ചവടത്തെ ബാധിക്കും. തത്ക്കാലം മീൻ ലഭ്യമല്ലെന്ന ന്യായം പറഞ്ഞാണ് കച്ചവടം മുന്നോട്ടു കൊണ്ടു പോകുന്നത്.

രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌ നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ഈ സമയങ്ങളിൽ ട്രോളിംഗ് വല, ഒഴുക്കുവല, പഴ്‌സീൻ നെ​റ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം അനുവദിക്കില്ല. ഇൻബോർഡ് ഉൾപ്പെടെയുള്ള വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധിക്കില്ല. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടായെന്നും അതിനാൽ ഇൻബോർഡ് വള്ളങ്ങളിൽ ആവശ്യത്തിന് മത്സ്യം ലഭ്യമാകാൻ സാദ്ധ്യതയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

Advertisement
Advertisement