പ്രവാസികൾക്ക് മികച്ച അവസരം; വർക്ക് പെർമിറ്റ്, റെസിഡൻസി വിസ വെറും അഞ്ചുദിവസത്തിനുള്ളിൽ നേടാം

Wednesday 12 June 2024 12:11 PM IST

അബുദാബി: വിദേശത്ത് ജോലി തേടാനും താമസമാക്കാനും ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി യുഎഇ സർക്കാരിന്റെ പുതിയ നടപടി. വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം യുഎഇയിലുടനീളം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു. വർക്ക് ബണ്ടിൽ പ്ളാറ്റ്‌ഫോമിന്റെ രണ്ടാംഘട്ടം ഇന്നലെ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

തൊഴിലാളികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ ലഘൂകരിക്കാനാണ് പുതിയ പ്ളാറ്റ്‌ഫോം സർക്കാർ അവതരിപ്പിച്ചത്. തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനും ഈ പ്ളാറ്റ്‌ഫോം ഉപയോഗിക്കാം. ഇതിന്റെ ആദ്യഘട്ടം മാർച്ചിൽ ദുബായിലാണ് അവതരിപ്പിച്ചത്. വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തിൽ ആറ് ലക്ഷത്തോളം കമ്പനികളെയും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളെയുമായിരിക്കും ഉൾക്കൊള്ളിക്കുക. workinuae.ae എന്ന ബെബ്‌സൈറ്റിൽ മാത്രമാണ് നിലവിൽ വർക്ക് ബണ്ടിൽ പ്ളാറ്റ്‌ഫോം ലഭ്യമാവുന്നത്. വൈകാതെ ഇതിന്റെ മൊബൈൽ ആപ്ളിക്കേഷനും ലഭ്യമാകുമെന്ന് അധികൃതർ അറിയിക്കുന്നു.

എട്ടുതരത്തിലെ തൊഴിൽ, റെസിഡൻസി നടപടികളാണ് ഒറ്റ പ്ളാറ്റ്‌ഫോമിലേയ്ക്ക് ചുരുക്കിയിരിക്കുന്നത്. നടപടിക്രമങ്ങളുടെ തനിപ്പകർപ്പ് ഒഴിവാക്കുകയും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സേവനങ്ങൾ ലളിതമാക്കുകയുമാണ് വർക്ക് ബണ്ടിൽ ചെയ്യുന്നത്.

വർക്ക് ബണ്ടിലിൽ ലഭ്യമാകുന്ന സേവനങ്ങൾ

  • പുതിയ വർക്ക് പെർമിറ്റ് നൽകുന്നു
  • സ്റ്റാറ്റസ് ക്രമീകരിക്കാൻ സഹായിക്കുന്നു
  • വിസ, എംപ്ളോയ്‌മെന്റ് കോൺട്രാക്‌ടുകൾ അനുവദിക്കുന്നു
  • എമിറേറ്റ്‌സ് ഐഡി, റെസിഡൻസി, മെഡിക്കൽ പരിശോധനാ സേവനങ്ങൾ
  • തൊളിലാളികളുടെ എംപ്ളോ‌യ്‌മെന്റ് കോൺട്രാക്‌ട് പുതുക്കുന്നു
  • എംപ്ളോ‌യ്‌മെന്റ് കോൺട്രാക്‌ട്, വർക്ക് പെർമിറ്റ്, റെഡിഡൻസി എന്നിവ റദ്ദാക്കാൻ സഹായിക്കുന്നു

തൊഴിലാളികൾ, തൊഴിൽ ദാതാക്കൾ, കമ്പനികൾ എന്നിവരുടെ എല്ലാ വിവരങ്ങൾ ഒറ്റത്തവണ നൽകുന്ന രീതിയാണ് വർക്ക് ബണ്ടിലിൽ ഉപയോഗിക്കുന്നത്. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ മാത്രം വിവരങ്ങൾ നൽകിയാൽ മതിയാവും. ഇതിലൂടെ നടപടിക്രമങ്ങൾ കുറയുകയും സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Advertisement
Advertisement