ഇങ്ങനെയൊന്ന് കേരളത്തിൽ ആദ്യം? വനിതാ ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം

Wednesday 12 June 2024 12:19 PM IST

മഴയും കാറ്റും മൂലം വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം രംഗത്തിറങ്ങിയ വൈദ്യുതി ബോർഡിലെ മിനിസ്റ്റീരിയൽ ജീവനക്കാരായ വനികൾക്ക് സോഷ്യൽ മീഡിയയുടെ കൈയടി. കോഴിക്കോട് കൂമ്പാറ സെക്ഷനിലെ സീനീയർ സൂപ്രണ്ട് (ഇൻ ചാർജ്) അമ്പിളിയും കാഷ്യർ അൽഫോൺസയുമാണ് പദവി നോക്കാതെ ഫീൽഡിൽ ജോലിക്കിറങ്ങിയത്. ഇവർ ഫീൽഡിൽ ജോലിചെയ്യുന്ന ചിത്രം ഫേസ്ബുക്ക് പേജിലൂടെ കെഎസ്ഇബി തന്നെയാണ് പുറത്തുവിട്ടത്.

നൂറുകണക്കിന് കമന്റുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്. അനുകരിക്കാൻ പറ്റുന്ന മാതൃക, ഇങ്ങനെ എല്ലാവരും ഒരേ മനസോടെ ഉണർന്നുപ്രവർത്തിക്കണം ഇങ്ങനെ പോകുന്നു കമന്റുകൾ.

സംസ്ഥാനത്ത് കാലവർഷം എത്തിയതോടെ മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്. മേയ് അവസാനം ഉണ്ടായ വേനൽ മഴയിൽ 48കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് കെഎസ്ഇബി അറിയിച്ചത്.

895 എച്ച്.ടി. പോസ്റ്റുകളും 6230 എല്‍.ടി. പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി. ലൈനുകളും 895 ഇടങ്ങളില്‍‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് കേടുപാടുകള്‍‍ സംഭവിക്കുകയും ചെയ്തു എന്നാണ് കെഎസ്ഇബി പറഞ്ഞത്. പലയിടങ്ങളിലും വൈദ്യുതി വിതരത്തിൽ തടങ്ങൾ നേരിട്ടെങ്കിലും ജീവനക്കാരുടെ കാര്യമായ ഇടപെടൽ മൂലം വളരെപ്പെട്ടെന്നുതന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. .

Advertisement
Advertisement