കുവൈറ്റിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം: 35 മരണം, നിരവധിപേർ ഗുരുതരാവസ്ഥയിൽ

Wednesday 12 June 2024 1:42 PM IST

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയവരുമുണ്ട്.നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട‌്.. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

കൂടുതൽ ഫയർ എൻജിനുകളും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.

Advertisement
Advertisement