അടുത്ത മാസം നടക്കാനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള  സർവകലാശാല; നിർദേശം നൽകി വിസി

Wednesday 12 June 2024 3:09 PM IST

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല. യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ ജൂലെെ അഞ്ചിനായിരുന്നു സണ്ണി ലിയോണിന്റെ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിസി ഈ പരിപാടി നടത്തുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് രജിസ്ട്രാർക്ക് വിസി ഡോ. മോഹൻ കുന്നുമ്മൽ നിർദേശം നൽകി. പുറത്തുനിന്നുള്ളവരുടെ സംഗീത പരിപാടികൾക്കുള്ള സർക്കാ‌ർ വിലക്ക് ഉന്നയിച്ചാണ് നടപടി.

തിരുവനന്തപുരം ഗവ എൻജിനീയറിംഗ് കോളേജിലും കഴിഞ്ഞ വർഷം കുസാറ്റിലും വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ കോളേജിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ കോളേജ് വിദ്യാർത്ഥി സംഘടന തീരുമാനിച്ചത്. എന്നാൽ ഒരു കരണവശാലും ഇത്തരം പരിപാടികൾ കോളേജിനുള്ളിൽ അനുവദിക്കില്ലെന്നാണ് വിസിയുടെ നിലപാട്.

Advertisement
Advertisement