ബോചെയുടെയും നാടിന്റെയും പ്രയത്നം പൂർണ വിജയത്തിലേക്ക്, റഹീം വീട്ടിലെത്തുന്ന ദിവസം എന്നാണെന്ന് വെളിപ്പെടുത്തി ഉമ്മ

Wednesday 12 June 2024 4:55 PM IST

മരണത്തിന് വിട്ടുകൊടുക്കാതെ മലയാളികൾ കെെപിടിച്ചുയർത്തിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം തിരികെ നാട്ടിലേക്ക്. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീമിനെ മോചിതനാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലായതോടെ നാടും വീടും റഹീമിന്റെ വരവിനായി ഒരേപോലെ കാത്തിരിക്കുകയാണ്.

സൗദിയിലെ ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച സഹായസമതി കേസുമായി ബന്ധപ്പെട്ടുള്ള നിയമപരമായ എല്ലാകാര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. നടപടിക്രമങ്ങളുടെ പുരോഗതി റഹിമിനെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.

തന്റെ മകനെ കൺനിറയെ കാണാനും കെട്ടിപ്പിടിച്ച് മുത്തം നൽകാനുമുള്ള മാതാവ് ഫാത്തിമയുടെയും കാത്തിരിപ്പിനും വിരാമമാവുകയാണ്. പെരുന്നാൾ കഴിഞ്ഞാൽ ഉടൻ റഹിം നാട്ടിലെത്തുമെന്ന് ഫോൺവിളിച്ചപ്പോൾ അറിയിച്ചതായി അദ്ദേഹത്തിന്റെ ഉമ്മമ അറിയിച്ചു. ഒരു യുട്യൂബ് ചാനിലിനോടായിരുന്നു ഉമ്മയുടെ വെളിപ്പെടുത്തൽ.

നേരത്തേ പെരുന്നാളിന് മുമ്പ് റഹിം എത്തുമെന്നായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കും പണം നൽകിയവർക്കും ദൈവം നല്ലതുമാത്രമേ നൽകൂ എന്നും മകനെ മകനെ നേരിട്ട് കാണുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലാണ് സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര ഒരു ചരിത്രസംഭവമാവുകയായിരുന്നു. പറഞ്ഞ തീയതി അവസാനിക്കാനിരിക്കെ മൂന്നാഴ്ച കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ക്യാമ്പയിൻ നടത്തി 34.45 കോടി രൂപ മലയാളികൾ സമാഹരിച്ചെടുത്തു. നാട്ടുകാർ അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപീകരിക്കുകയും സാമ്പത്തിക സമാഹരണത്തിനായി ആപ് നിർമ്മിക്കുകയും ചെയ്തു.

ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാ​വുന്ന തരത്തിലും സംഭാവനയായി നൽകുന്ന ഒരു രൂപക്കുപോലും രസീത് ലഭിക്കുന്ന തരത്തിലുമായിരുന്നു ​ആപ്പിന്റെ ക്രമീകരണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുളളവ വഴിയും പ്രചാരണം തുടങ്ങി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മണ്ണൂർ വാഗ്ദ്ധാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെ പിരിവ് നിർത്തുകയും ചെയ്തു. റഹീമിന്റെ വീട്ടിലും പണം എത്തിയിരുന്നു.

റഹീമിന്റെ മോചനത്തിനുള്ള ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പിട്ടത്. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചത്.

24-ാം വയസിൽ സൗദിയിലേക്ക്

ഉമ്മയെ നന്നായി നോക്കണം, വീട് വയ്ക്കണം തുടങ്ങി നൂറായിരം കിനാവുമായാണ് 24ാം വയസിൽ അബ്ദുൾ റഹീം സൗദിയിലേക്ക് പറന്നത്. ആറ് മക്കളിൽ ഇളയവനാണ് റഹീം. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമാണ് ഫാത്തിമ റഹീമിന് സൗദിയിലേക്ക് പോകാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, വിധിയുടെ കരങ്ങൾ അബ്ദുൾ റഹീമിന് വിധിച്ചത് മറ്റൊന്നായിരുന്നു. സൗദിയിൽ വച്ച് 15 വയസുള്ള അനസ് അൽശഹ്രി മരിച്ച കേസിൽ സൗദി കോടതി വധശിക്ഷ വിധിച്ചതോടെയാണ് റഹീമിന്റെ ജീവിതം ഇരുട്ടിലായത്.

ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന്റെ പ്രധാന ജോലി സ്പോൺസർ ഫായിസ് അബ്ദുള്ളയുടെ ചലനശേഷിയില്ലാത്ത മകൻ അനസിനെ പരിചരിക്കുക എന്നതായിരുന്നു. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

2006 ഡിസംബറിൽ അനസുമായി ഹൈപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവുണ്ടായത്. കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. തുടർന്ന്കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.

അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം റഹീമിന്റെ മാതാപിതാക്കൾ സൗദി കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. റഹീം ജയിലിലായതോടെ മാതാവ് ഫാത്തിമ ആകെ തളർന്നിരുന്നു. ഇതിനിടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മരിച്ചതോടെ മകനെ തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തിൽ അവർ തനിച്ചായി. എന്നിട്ടും അവർ തളർന്നില്ല. ഒരുനാടുമുഴുവൻ ഒന്നിച്ചുചേർന്നതോടെ അസാദ്ധ്യമെന്ന് കരുതിയ മോചനം ഒടുവിൽ യാഥാർത്ഥ്യത്തോട് അടുക്കുകയാണ്.

Advertisement
Advertisement