സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടി ജൂലായ് 15 മുതൽ

Thursday 13 June 2024 4:24 AM IST

തിരുവനന്തപുരം:വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച നൂറ് ദിന കർമ്മപദ്ധതിയുടെ നാലാംഘട്ടം ജൂലായ് 15ന് ആരംഭിച്ച് ഒക്ടോബർ 22ന് പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ

യോഗം തീരുമാനിച്ചു.ഏറ്റെടുക്കുന്ന പദ്ധതികളുടെ പുരോഗതിയുടെ വിശദാംശങ്ങൾ പരിപാടി പൂർത്തിയാകുന്ന മുറയ്ക്ക് വെബ്‌സൈറ്റിൽ ലഭ്യമാക്കും.

സർക്കാർ അധികാരത്തിൽ വന്ന ശേഷം മൂന്ന് നൂറുദിന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ആദ്യ പരിപാടി 2021 ജൂൺ 11 മുതൽ സെപ്തംബർ 19 വരെയും രണ്ടാമത്തേത് 2022 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയും

മൂന്നാമത്തേത് 2023 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയുമാണ് നടപ്പാക്കിയത്. മൂന്നാം നൂറുദിന പരിപാടിയിൽ 1295 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 100 ദിവസം കൊണ്ട് 1157 എണ്ണം പൂർത്തിയാക്കാനായി. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽ മേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മൂന്ന് പരിപാടികൾക്കും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

വിമുക്തഭടൻമാർക്ക് ചികിത്സയ്ക്കായി ഇ സി എച്ച് എസ് പോളിക്ലിനിക്ക് നിർമ്മിക്കാൻ ആലപ്പുഴ വെട്ടിയാർ വില്ലേജിൽ 23 സെന്റ് ഭൂമി പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്ക് ഈടാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകും.ഇതിനായി കമ്പോള വിലയുടെ 3 ശതമാനം നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് ഈ ഭൂമിഅനുവദിച്ച 2021ലെ ഉത്തരവ് ഭേദഗതി ചെയ്യും.

കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ സി.അബ്ദുൾ മുജീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ മാനേജിങ്ങ് ഡയറക്ടറായും, ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി നാരായണനെ അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വർഷത്തേക്കും നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു..

Advertisement
Advertisement