ലോക കേരള സഭ പൊതു സമ്മേളനം ഇന്ന്

Thursday 13 June 2024 4:30 AM IST

തിരുവനന്തപുരം: ലോക കേരളസഭയുടെ 4ാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിയമസഭ സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി ഗണേഷ് കുമാർ, വി.ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. രാജ്യസഭാ, ലോക്സഭാംഗങ്ങൾ,ജനപ്രതിനിധികൾ, നോർക്ക റൂട്ട്സ് റസി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം.എ യൂസഫലി, ഡയറക്ടർമാർ എന്നിവരും സംബന്ധിക്കും. ചീഫ് സെക്രട്ടറി ഡോ.വി. വേണു സ്വാഗതവും നോർക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും. മലയാളം മിഷൻ, ഭാരത് ഭവൻ നേതൃത്വത്തിൽ ബെന്യാമിൻ, സിത്താര കൃഷ്ണകുമാർ, ഗൗരി ലക്ഷ്മി എന്നിവരുടെ എക്സോ 2024 അതിരുകൾക്കുപ്പുറം കലാപരിപാടി അരങ്ങേറും. കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്ന ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും.

Advertisement
Advertisement