കുടിയിറക്കൽ ഭീഷണി, ആവലാതിയുമായി ആദിവാസികൾ , ഉടൻ നടപടിക്ക് ഹൈക്കോടതി

Thursday 13 June 2024 4:47 AM IST

കൊച്ചി: കുടിയിറക്കൽ ഭീഷണിയിലാണെന്ന പരാതിയുമായി ഹൈക്കോടതിയിൽ നേരിട്ടെത്തിയ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നത്തിൽ ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ.

മൂന്നു തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയുടെ മേൽ തമിഴ്നാട് സ്വദേശി അവകാശവാദം ഉന്നയിച്ചെന്നും അവരുടെ ആളുകൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആദിവാസി സംഘം അറിയിച്ചു. പരമ്പരാഗതമായി കൈവശം വച്ച് അനുഭവിക്കുന്നതും പട്ടയം ലഭിച്ചിട്ടുള്ളതുമായ 375 ഏക്കർ ഭൂമി പുറത്തുനിന്നുള്ളവർ കൈയേറി. കൈയേറ്റക്കാർക്ക് പൊലീസും ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നുണ്ടെന്നും തങ്ങളുടെ പരാതികൾ അവഗണിക്കുകയാണെന്നും ആദിവാസി സംഘം കോടതിയെ ധരിപ്പിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാറിനെയും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയെയും നേരിൽക്കണ്ടാണ് ഇന്നലെ രാവിലെ സങ്കടം ബോധിപ്പിച്ചത്. കേരള ലീഗൽ സർവീസസ് അതോറിട്ടി പരാതി എഴുതിവാങ്ങാനും പാലക്കാട് ജില്ല ലീഗൽ സർവീസസ് അതോറിട്ടിക്ക് കൈമാറി തുടർനടപടി സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം.

ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീന‌ർ ടി.ആർ. ചന്ദ്രൻ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ അട്ടപ്പാടി ഏരിയ സെക്രട്ടറി സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഷോളയൂർ ഗ്രാമപഞ്ചായത്തിലെ വെച്ചപ്പതി വാർഡിലുള്ള നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരുൾപ്പെട്ട 16 അംഗസംഘമാണ് ഹൈക്കോടതിയിൽ എത്തിയത്.

Advertisement
Advertisement