എങ്ങുമെത്താതെ നെല്ലിയാമ്പതി ഏലംപാടി തടയണ പദ്ധതി

Thursday 13 June 2024 1:17 AM IST
നെല്ലിയാമ്പതി

നെല്ലിയാമ്പതി: മലനിരകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം പോത്തുണ്ടി ഡാമിലേക്ക് തിരിച്ചുവിടാൻ കഴിയുന്ന ഏലംപാടി തടയണ പദ്ധതി എങ്ങുമെത്തിയില്ല. 16 വർഷം മുൻപ് പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയെങ്കിലും സാധ്യതാ പഠനം പോലും നടത്താൻ ജലവിഭവ വകുപ്പ് തയാറായിട്ടില്ല. 2023 മേയ് 9ന് കെ.ബാബു എം.എൽ.എ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും കാര്യമുണ്ടായില്ല. നെല്ലിയാമ്പതി നൂറടിപ്പുഴയിലേയും മറ്റു നീരൊഴുക്കുകളും ഏലംപാടിക്കു സമീപം തടയണ നിർമ്മിച്ച് കേശവൻപാറ വഴി കമ്പിപ്പാലത്തിലൂടെ പോത്തുണ്ടി ഡാമിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രാഥമിക ആലോചനയിലാണു പഠനത്തിന് നീക്കമാരംഭിച്ചത്. എന്നാൽ സംഘത്തിന്റെ റിപ്പോർട്ട് ഉന്നത തലങ്ങളിൽ അവഗണിക്കപ്പെടുകയായിരുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള വിദഗ്ധരെ ഉപയോഗിച്ചോ മറ്റ് ഏജൻസികൾ വഴിയോ പദ്ധതി സംബന്ധിച്ചു പഠനം നടത്തണമെന്ന് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന അസി.എക്സിക്യുട്ടീവ് എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകിയിരുന്നു. ഒരു വർഷമായിട്ടും മറുപടിയൊന്നുമുണ്ടായില്ല.

നൂറടിപ്പുഴയിലെ വെള്ളം നിലവിൽ കാരപ്പാറ വഴി ചാലക്കുടിയിലേക്കാണ് ഒഴുകിപ്പോകുന്നത്. മഴ കുറവ് കാരണം പോത്തുണ്ടി ഡാമിൽ ഏതാനും വർഷമായി പൂർണതോതിൽ വെള്ളം സംഭരിക്കാൻ കഴിയുന്നില്ല. ഇവിടെ സമഗ്ര കുടിവെള്ള പദ്ധതി വഴി ആറ് പഞ്ചായത്തുകളിലേക്കു ശുദ്ധജലവിതരണം നടത്താനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലേക്കു കൂടുതൽ വെള്ളം എത്തിക്കാനുള്ള പദ്ധതി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്.

പോത്തുണ്ടി ഡാമിൽ നിന്നു ജലസേചനത്തിന് തുറന്നുവിടുന്ന വെള്ളത്തിന് ആനുപാതികമായി നെല്ലിയാമ്പതിയിൽ നിന്നു വെള്ളം കണ്ടെത്താനാകും. ഇത് ആയക്കെട്ട് പ്രദേശത്ത് പച്ചക്കറി കൃഷിക്കും പോത്തുണ്ടി ഡാം സമഗ്ര കുടിവെള്ള പദ്ധതികൾക്കും സഹായകമാകും. 2008ൽ പദ്ധതി നടപ്പാക്കാൻ ജലസേചനവകുപ്പ് രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ തുടർപ്രവർത്തനമുണ്ടായില്ല. 2019 ഫെബ്രുവരിയിൽ അധികൃതർ വീണ്ടും ഏലംപാടിയിൽ സന്ദർശനം നടത്തി വിശദമായ രൂപരേഖയും റിപ്പോർട്ടും തയാറാക്കിയെങ്കിലും സർവേയിലേക്ക് കടന്നില്ല. നെന്മാറ, അയിലൂർ, മേലാർകോട്, തുടങ്ങി സമീപ പഞ്ചായത്തുകളിലുള്ളവരെല്ലാം കൃഷിക്കും ശുദ്ധജലത്തിനും ആശ്രയിക്കുന്നത് പോത്തുണ്ടി ഡാമിനെയാണ്.

Advertisement
Advertisement