ചുട്ടികുത്തലിൽ അരനൂറ്റാണ്ട് പിന്നിട്ട് നിശബ്ദ കലാകാരൻ

Thursday 13 June 2024 1:24 AM IST

ചോറ്റാനിക്കര: ശബ്ദങ്ങളുടെ ലോകം അന്യമാണെങ്കിലും കലാമണ്ഡലം രാജു ജോണിന് സങ്കടമില്ല. വിരലുകളാണ് അദ്ദേഹത്തിന്റെ ശബ്ദം. കേൾക്കാത്ത, സംസാരിക്കാത്ത രാജു ജോണിനെ കഥകളി കലാകാരന്മാർ തേടിവരും. അവരുടെ ചമയം ഏറ്റവും മികച്ചതാവണമെങ്കിൽ കലാമണ്ഡലം രാജു ജോൺ കൈ വയ്ക്കണമെന്ന് അവർക്കറിയാം. അരനൂറ്റാണ്ടായി കഥകളി ചുട്ടികുത്തൽ രംഗത്ത് നിറസാന്നിധ്യമാണ് ഈ അറുപത്തിയെട്ടുകാരൻ.

മുളന്തുരുത്തി തലക്കോട് തുപ്പംപടി ഇലവൻ കുഴിയിൽ ഇ.എം. ജോണിന്റെയും സൂസമ്മയുടെയും ആറു മക്കളിൽ ഏക ആൺതരിയായിട്ടായിരുന്നു രാജുവിന്റെ ജനനം. ജന്മനാ കേൾവിശക്തിയും സംസാരശേഷിയുമില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടിയില്ല. ചിത്രരചനയിൽ മിടുക്കനായിരുന്നു. കുട്ടിക്കാലത്തേ പെയിന്റിംഗ് ജോലിക്കും പോകുമായിരുന്നു. രാജുവിന്റെ കഴിവ് അമ്മയുടെ സഹോദരിയും ഹൈസ്കൂൾ ടീച്ചറുമായിരുന്ന അന്നമ്മ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവ്. അവർ രാജുവിനെ കലാമണ്ഡലത്തിൽ ചുട്ടികുത്തൽ ഡിപ്ലോമ കോഴ്സിൽ ചേർത്തു. 1977ൽ ഒന്നാം റാങ്കോടെ പാസായി. ഉടുത്തു കെട്ടൽ, അടയാഭരണങ്ങൾ അണിയൽ എന്നിവയും കണ്ടുപഠിച്ചതോടെ മറ്റ് ചുട്ടി കലാകാരന്മാരിൽ നിന്ന് വ്യത്യസ്തനായി ഉടുത്തുകെട്ടലും അണിയിച്ചൊരിക്കലും ചെയ്തുകൊടുക്കുന്ന കലാകാരനായി.

പത്തു വർഷം മുമ്പ് വരെ കലോത്സവവേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ഫോർട്ട് കൊച്ചി കഥകളി ക്ലബ്ബാണ് പ്രവർത്തനകേന്ദ്രം. കേരളത്തിലെ പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും കളിക്കോട്ട പാലസിലും ചുട്ടി കുത്താൻ പോയിട്ടുണ്ട്. എഴുത്തും വായനയും അറിയില്ലെങ്കിലും വീട്ടുകാർ എഴുതി നൽകുന്ന വിലാസം ഉപയോഗിച്ച് കേരളത്തിൽ എവിടെയും സഞ്ചരിക്കും. ഫോർട്ടുകൊച്ചിയിൽ കഥകളി കാണാനെത്തുന്ന വിദേശികൾ എടുത്തു പോയ ഒരുക്കത്തിന്റെ ചിത്രങ്ങളിലെല്ലാം ഇദ്ദേഹത്തെ കാണാം. കലാമണ്ഡലത്തിൽ നിന്ന് പഠനം കഴിഞ്ഞ നിരവധി പേർ ശിഷ്യന്മാരായുണ്ട്. എറണാകുളം കരയോഗം കഥകളി പുരസ്കാരം, കലാസാഗർ അവാർഡ്, ഫാക്ട് പത്മനാഭൻ പുരസ്കാരം എന്നിവ ലഭിച്ചു.

ഭാര്യ മേരിയും മകൾ സിജിയും പിന്തുണയുമായുണ്ട്. മകൻ ഷാജിയുടെ വിയോഗമാണ് രാജു ജോണിന്റെഏക സങ്കടം.

കഥാപാത്രത്തിന്

ഭാവമേകുന്ന ചുട്ടി

വേഷക്കാരന്റെ മുഖത്ത്‌ അടിസ്ഥാനപരമായി ചെയ്യുന്ന ചമയമാണ് തേപ്പ്. വേഷമണിയുന്ന കലാകാരൻ തന്നെയാണ് തേപ്പ് ചെയ്യുക. തുടർന്ന് ചുട്ടിക്കാരൻ "ചുട്ടി" കുത്തുന്നു. കഥാപാത്രത്തിനു രൂപവും ഭാവവും നൽകുന്ന ചമയം ചുട്ടികുത്താണ്. ഇപ്പോഴും ചട്ടിയിൽ ചുട്ടികുത്തി പരിശീലനം മുടക്കാറില്ല രാജു.

Advertisement
Advertisement