ആർ.ടി.എ യോഗം ഇന്ന്, ഗ്രാമങ്ങളിലൂടെ 29 സ്വകാര്യ ബസ് റൂട്ടുകൾ പരിഗണനയിൽ

Thursday 13 June 2024 12:26 AM IST

പത്തനംതിട്ട : ജില്ലയിൽ ഗ്രാമീണ മേഖലയിലൂടെയുള്ള 29 സ്വകാര്യബസ് റൂട്ടുകൾക്കായി നൽകിയ അപേക്ഷ ഇന്ന് നടക്കുന്ന റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ പരിഗണിക്കും.

ജില്ലാ കളക്ടർ, ആർ.ടി.ഒ എന്നിവരുടെ സ്ഥലമാറ്റവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണം യോഗം കൂടുന്നത് നീട്ടിവച്ചിരിക്കുകയായിരുന്നു. പുതിയ റൂട്ടുകൾക്കു പുറമേ ചില ബസുകൾ റൂട്ട് മാറ്റുന്നതിനും അപേക്ഷകൾ നൽകിയിട്ടുണ്ട്. പുതിയ റൂട്ടുകൾക്ക് ലഭിച്ചിരിക്കുന്ന അപേക്ഷകളേറെയും യാത്രാക്ലേശമുള്ള മേഖലകളാണ്.

പുതിയ പെർമിറ്റുകൾ

മേലെ കോട്ടമൺപാറ - പത്തനംതിട്ട, ചുങ്കപ്പാറ - പത്തനംതിട്ട, കറുകച്ചാൽ - തിരുവല്ല, അത്തിക്കയം - റാന്നി, തിരുവല്ല - റാന്നി - മല്ലപ്പള്ളി - തിരുവല്ല, മേക്കൊഴൂർ - പത്തനംതിട്ട - പന്തളം, പത്തനാപുരം - ഏനാത്ത്, ഏഴംകുളം - നെടുമൺകാവ്, മല്ലപ്പള്ളി - എഴുമറ്റൂർ - കോഴഞ്ചേരി, റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി, മണിമല - ചുങ്കപ്പാറ - തിരുവല്ല, ചുങ്കപ്പാറ - തിരുവല്ല, മല്ലപ്പള്ളി - പത്തനംതിട്ട, അതുമ്പുംകുളം - പത്തനംതിട്ട, കുമ്മണ്ണൂര് - പത്തനംതിട്ട, കോഴഞ്ചേരി - മണിയാർ, കോന്നി - കൊന്നപ്പാറ - മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് - തലച്ചിറ, കോഴഞ്ചേരി - പത്തനംതിട്ട - ചെങ്ങന്നൂർ, കോഴഞ്ചേരി - റാന്നി - അത്തിക്കയം, റാന്നി - തിരുവല്ല, ശാസ്താംകോട്ട - ഇലവുംതിട്ട, പത്തനാട് - റാന്നി, പട്ടാഴി ക്ഷേത്രം - മലനട എന്നീ റൂട്ടുകളിലാണ് പുതിയ പെർമിറ്റിന് അപേക്ഷ നൽകിയത്.

എഴിക്കാട് കോളനി വഴി രണ്ട് റൂട്ടുകൾ

കോഴഞ്ചേരി - ചെങ്ങന്നൂർ റൂട്ടിൽ ആറന്മുള വഴി സർവീസ് നടത്തുന്ന രണ്ട് ബസുകൾ എഴിക്കാട് കോളനി വഴി റൂട്ട് മാറ്റുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. നിരണം - തോട്ടടി - കോഴഞ്ചേരി, നിരണം വെസ്റ്റ് - കോഴഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളാണ് ചെങ്ങന്നൂർ അങ്ങാടിക്കൽ, പിരളശേരി, എഴിക്കാട് കോളനി, കുറിച്ചിമുട്ടം, കോട്ടയ്ക്കകം, കോഴിപ്പാലം വഴി റൂട്ട് മാറ്റാൻ അപേക്ഷ നൽകിയത്.

'' പെർമിറ്റ് അപേക്ഷകളിൽ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും.

ആർ.ടി.എ അധികൃതർ.

Advertisement
Advertisement