കുഴൽനാടന് കിട്ടി പിണറായി വക ഉരുളയ്ക്ക് ഉപ്പേരി

Thursday 13 June 2024 12:43 AM IST

ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി അവസാനഘട്ടത്തിലെത്തിയപ്പോൾ, കോൺഗ്രസ് അംഗം ഡോ. മാത്യു കുഴൽനാടന്റെ മനസു പറഞ്ഞു കാണും, സിക്കാറിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പരാമർശം വേണ്ടിയിരുന്നില്ലെന്ന്. സി.പി.എമ്മിന് ദേശീയപദവി നിലനിറുത്താൻ സാധിച്ചതിന് രാഹുൽഗാന്ധിയോട് നന്ദി പറയണമെന്നായിരുന്നു കുഴൽനാടൻ പറഞ്ഞത്. രാജസ്ഥാനിലെ സിക്കാറിൽ സി.പി.എം അംഗം അമരറാം ജയിച്ചത് കോൺഗ്രസിന്റെ വോട്ടു കൊണ്ടാണെന്ന് അരക്കിട്ടുറപ്പിക്കാനുള്ള ആവേശത്തിലാണിത്. അപ്പോൾ, മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ലെങ്കിലും എല്ലാം മനസിലാക്കി, വേണ്ടത്ര ഗൃഹപാഠം ചെയ്തായിരുന്നു കുഴൽനാടൻ നിഗ്രഹത്തിനുള്ള മുഖ്യന്റെ വരവ്.

ഭാരത് ജോഡോ യാത്രയെ കണ്ടെയ്നർ യാത്രയെന്ന് ആക്ഷേപിച്ചതും രാഹുലിനെതിരെ മുഖ്യമന്ത്രി ആക്ഷേപം പറഞ്ഞതുമൊക്കെയാണ് കുഴൽനാടനെ വേദനിപ്പിച്ചത്. രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്ന് ഒരു ഭരണപക്ഷ അംഗം പറഞ്ഞപ്പോൾ, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മുഖ്യൻ പറഞ്ഞതും കുഴൽനാടന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെയെല്ലാം അരിശം തീർക്കാനാണ് സിക്കാറിലെ വിശേഷവും ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ടു കുറഞ്ഞതുമൊക്കെ സവിസ്തരം നിരത്തിയത്. പ്രതിപക്ഷം കുഴൽനാടന് നല്ല പ്രോത്സാഹനവും നൽകി. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ധനാഭ്യർത്ഥന ചർച്ചയുമായി ബന്ധപ്പെട്ട് വിഷയത്തിൽ മാത്രം ഊന്നി മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ അവസാന ഘട്ടത്തിൽ പ്രതിപക്ഷത്തെ നോക്കി ഒന്നൂറി ചിരിച്ചപ്പോൾ, അവരും ഓർത്തില്ല, പിടിച്ചതിനെക്കാൾ വലുത് മാളത്തിലുണ്ടെന്ന്. അമരറാം മുമ്പ് നാലു തവണ രാജസ്ഥാൻ നിയമസഭയിലേക്ക് ജയിച്ചതും കർഷകസമരത്തിന്റെ നെടുംതൂണായി നിന്നതും ലോക് സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം നേടിയ വോട്ടുകളും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയതും കോൺഗ്രസ് വളരെ കുറഞ്ഞ ശതമാനം വോട്ടിന് മൂന്നാം സ്ഥാനക്കാരായതുമൊക്കെ പിണറായി അക്കമിട്ടു നിരത്തിയപ്പോൾ തുഴ കൈവിട്ട തോണിക്കാരനെപ്പോലെ അന്തം വിട്ടിരിക്കുകയായിരുന്നു പ്രതിപക്ഷം.

ചില മാദ്ധ്യമങ്ങളും പ്രതിപക്ഷവും തെറ്റിദ്ധരിപ്പിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമെന്ന കടകംപള്ളി സുരേന്ദ്രന്റെ സിദ്ധാന്തമാണ് ലീഗ് അംഗം എൻ. ഷംസുദ്ദീന് ദഹിക്കാതെ പോയത്. നിങ്ങളുടെ ഇടങ്ങളിൽ ബി.ജെ.പി കടന്നുവന്നതാണ് കാരണമെന്ന് തിരിച്ചടിച്ച ഷംസുദ്ദീൻ, കേരളത്തിൽ ബംഗാൾ മണക്കുന്നുണ്ട്, ത്രിപുര മണക്കുന്നുണ്ട് എന്ന് കൂടി പറഞ്ഞു. പിണറായിയിലെ പാറപ്പുറത്തും ഇടതിന് വോട്ടു കുറഞ്ഞു. തിരുത്തിയാൽ നിങ്ങൾക്ക് നന്ന്. ബി.ജെ.പി സ്ഥാനാർത്ഥികൾ കേമന്മാരാണെന്ന സർട്ടിഫിക്കറ്റ് നൽകിയ എൽ.ഡി.എഫ് കൺവീനറാണ്, ജാവ്ദേക്കർ വീട്ടിൽ വന്ന കാര്യം വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയത്. ഞങ്ങളുടെയൊന്നും വീട്ടിൽ കുട്ടികളുടെ ബർത്ത്ഡേക്ക്

പോലും ജാവ്ദേക്കർ വന്നിട്ടില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞതോടെ ഭരണപക്ഷത്ത് നിശബ്ദത.

പൂരം വെടിക്കെട്ട് പോലെയായിരുന്നു കെ.കെ. രമയുടെ ആറു മിനിട്ട് നേരത്തെ പ്രസംഗം. കെ.കെ. ശൈലജയും രമ്യാഹരിദാസും താനും അടക്കമുള്ളവർക്കെതിരെ തരംതാണ അധിക്ഷേപമുണ്ടായിട്ടും അത് വിലക്കാൻ ഇടതുപക്ഷം തയ്യാറാവാത്തതിലുള്ള പ്രതിഷേധം മുഴുവൻ തിക്കി നിറച്ചായിരുന്നു രമ കത്തിക്കയറിയത്. പുട്ടിന് പീര ഇടും പോലെ ഓരോ വാചകം കഴിയുമ്പോഴും പ്രതിപക്ഷാംഗങ്ങൾ ഡസ്കിലടിച്ചു പ്രോത്സാഹനവും നൽകി.

പൊലീസ് വകുപ്പ് വിവരശേഖരണവകുപ്പാണോ എന്നതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സംശയം. നിയമസഭയിൽ താൻ ചോദിച്ച ഒരു കെട്ടു ചോദ്യവുമായാണ് തിരുവഞ്ചൂർ സംശയം പ്രകടമാക്കിയത്. എല്ലാ ചോദ്യങ്ങൾക്കും വിവരം ശേഖരിച്ചുവരുന്നുവെന്ന ഒരേമറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്. രാഹുലിനെ മുഖ്യമന്ത്രി പരിഹസിച്ചതിൽ തിരുവഞ്ചൂരിനുമുണ്ട് നെഞ്ചുപൊട്ടുന്ന സങ്കടം. 'സഭയുടെ പുറമ്പോക്കിന് തൊട്ടിപ്പുറത്ത് ഇരിക്കുന്നൊരാൾ" രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്ന് പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിൽ ബി.ജെ.പി ജയിച്ചപ്പോൾ,​ ബി.ജെ.പി രക്ഷപ്പെട്ടേ എന്നു പറഞ്ഞു ചിലർ കുമ്പോളം(തുള്ളിക്കളി)​ കളിക്കുകയായിരുന്നെന്നും തിരുവഞ്ചൂർ പരിഹസിച്ചു.

Advertisement
Advertisement