ആഗോള മേഖലയിൽ മികച്ച റാങ്കുമായി അമൃത വിശ്വവിദ്യാപീഠം

Thursday 13 June 2024 12:31 AM IST

കൊല്ലം: യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയർ എഡ്യൂക്കേഷൻ മാഗസിന്റെ ലോകത്തിലെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം തുടർച്ചയായി നാലാം വർഷവും ഇന്ത്യയിൽ ഒന്നാമതായി. 125 രാജ്യങ്ങളിൽ നിന്നുള്ള 2152 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നാണ് മികച്ച 100 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള അക്കാഡമിക്, ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.

അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലറായ മാതാ അമൃതാനന്ദമയി യുടെ ആശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് അർഹമാക്കിയതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ.മനീഷ വി. രമേഷ് പറഞ്ഞു. ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിന്റെ പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഈ വർഷത്തെ ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യ അവാർഡും അമൃത വിശ്വവിദ്യാപീഠത്തിന് ലഭിച്ചിരുന്നു.

Advertisement
Advertisement