ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണമെഡൽ നാടിന് അഭിമാനമായി ഷീബ

Thursday 13 June 2024 12:07 AM IST
ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ മാനൂരിയിലെ കെ.വി ഷീബയ്ക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണം.

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാനൂരിയിൽ താമസിക്കുന്ന കെ.വി ഷീബ, അയോദ്ധ്യയിൽ വെച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി.

മാനൂരി ടെൻസ്റ്റാർ പുരുഷ സ്വയംസഹായ സംഘവും കുടുംബശ്രീയും ചേർന്ന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ഷീബയെ സ്വീകരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയും രണ്ടാംവാർഡ് മെമ്പറുമായ ഷൈജമ്മ ബെന്നി, നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, കിനാനൂർ കരിന്തളം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പാറക്കോൽ രാജൻ, ടെൻസ്റ്റാർ ക്ലബ്ബ് അംഗം മോഹനൻ മാനൂരി, എ.ഡി.എസ് സെക്രട്ടറി പ്രസീത മോഹനൻ, സരോജിനി എന്നിവർ സംബന്ധിച്ചു.

തുടർന്ന് വാഹനത്തിൽ മാനൂരിയിൽ എത്തിച്ച ഷീബയെ അങ്കണവാടി കുട്ടികൾ ഉൾപ്പെടെയുള്ള പൗരാവലി സ്വീകരിച്ചു. സ്വീകരണ പൊതുയോഗം ഷൈജമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. ടെൻസ്റ്റാർ പ്രസിഡന്റ് ശശി, ബാലസംഘം ഏരിയാ സെക്രട്ടറി അനന്ദു, മഹിളാ അസോസിയേഷൻ സെക്രട്ടറി സരോജിനി, തേജസ്വിനി പുരുഷ സംഘം പ്രസിഡന്റ് ശ്രീധരൻ, അങ്കണവാടി വർക്കർ പ്രേമ സംസാരിച്ചു.

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ ഷീബ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോയിനങ്ങളിലാണ് മത്സരിക്കുന്നതെങ്കിലും ജാവലിൻ ത്രോയിനത്തിലാണ് പ്രധാനമായും മത്സരിക്കാറുള്ളത്. കെ.വി. ശശിയാണ് ഷീബയുടെ ഭർത്താവ്. മക്കൾ: ആരാധ്യ, അഥർവ.

Advertisement
Advertisement