മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം, തലസ്ഥാനത്ത് പോസ്റ്ററുകൾ
Thursday 13 June 2024 12:03 AM IST
തിരുവനന്തപുരം: കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകൾ. കെ.പി.സി.സി, ഡി.സി.സി ഓഫീസുകളുടെ സമീപമാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം രാത്രി പതിച്ചത്.
'നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. തൃശൂരിലെ തോൽവിക്ക് ശേഷം പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം പാർട്ടി നേതൃമാറ്റം സംബന്ധിച്ച ചർച്ച തുടങ്ങാനിരിക്കെയാണ് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് സമീപം മുരളിക്ക് അനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.