നമീബിയയെ അടിച്ച് തകർത്ത് ഓസ്ട്രേലിയ

Thursday 13 June 2024 12:06 AM IST

മൂന്നാം ജയവുമായി ഓസ്ട്രേലിയ സൂപ്പർ എട്ടിൽ

ആന്റിഗ്വ: നമീബിയക്കെതിരായ ട്വന്റി -20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ വമ്പൻ ജയംനേടി ഓസ്‌ട്രേലിയ സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ചു. ഗ്രൂപ്പിലെ ഓസീസിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

ആന്റിഗ്വയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ 17 ഓവറിൽ 72 റൺസിന് ആൾഔട്ടാക്കിയ ശേഷം ഓസ്‌ട്രേലിയ മറുപടിക്കിറങ്ങി 5.4 ഓവറിൽ ജയിക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് മുൻ ലോകചാമ്പ്യന്മാർ നഷ്‌ടമാക്കിയത്.86 പന്തുകൾ അവശേഷിപ്പിക്കുകയും ചെയ്തു.

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ പിഴുത ആദം സാംപയാണ് നമീബിയയെ തകർത്തത്.

17 പന്തിൽ 34 റൺസ് നേടിയ ട്രാവിസ് ഹെഡ്, എട്ടു പന്തിൽ 20 റൺസ് നേടിയ ഡേവിഡ് വാർണർ, ഒൻപത് പന്തിൽ 18 റൺസ് നേടിയ മിച്ചൽ മാർഷ് എന്നിവരുടെ കൂറ്റനടികൾ ഓസ്‌ട്രേലിയൻ ജയം അനായാസമാക്കി. നേരത്തേ നമീബിയക്കുവേണ്ടി ക്യാപ്റ്റന്‍ ജെറാർഡ് ഇറാസ്മസ് (43 പന്തിൽ 36) ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു. ഒൻപതാമതായാണ് ഇറാസ്മസ് പുറത്തായത്. ഇറാസ്മസിനെക്കൂടാതെ ഓപ്പണർ മൈക്കൽ വാൻ ലിൻജൻ (10) ഒഴിച്ച് നമീബിയയിൽ മറ്റാരും രണ്ടക്കം കടന്നില്ല. ഓസ്‌ട്രേലിയൻ നിരയിൽ ഡേവിഡ് വാർണറാണ് പുറത്തായ ഏക ബാറ്റർ.

100

ട്വന്റി -20 ഫോർമാറ്റിൽ നൂറ് വിക്കറ്റുകൾ തികയകക്കുന്ന ആദ്യ ഓസ്ട്രേലിയൻ ബൗളറായി സ്പിന്നർ ആദം സാംപ ചരിത്രം കുറിച്ചു. തന്റെ 83-ാം മത്സരത്തിൽ നാലുവിക്കറ്റുകൾ നേടിയാണ് സാംപ ഈ നാഴികക്കല്ല് മറികടന്നത്.

മഴയിൽ ഒലിച്ച് ലങ്ക

നേപ്പാളുമായുള്ള ലങ്കയുടെ കളി മഴയെടുത്തു

ഗ്രൂപ്പിൽ ലങ്ക അവസാന സ്ഥാനത്ത്

ലൗഡർഹിൽ : ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ നേപ്പാളുമായുള്ള നിർണായക മത്സരം ഒരു പന്തുപോലും എറിയാൻ സമ്മതിക്കാതെ മഴയെടുത്തതോടെ

മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണ സൂപ്പർ എട്ടിൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിച്ചേ പറ്റൂവെന്ന് ഉറപ്പായി. ഇതുവരെ ഒരു കളിപോലും ജയിക്കാത്ത ലങ്ക ഒരു മത്സരം മാത്രം അവശേഷിക്കേ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നെതർലാൻഡ്സും ബംഗ്ളാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും അവസാന മത്സരത്തിൽ ലങ്ക നെതർലാൻഡ്സിനെ വൻ മാർജിനിൽ തോൽപ്പിക്കുകയും നേപ്പാൾ ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും ബംഗ്ളാദേശിനെ തോൽപ്പിക്കുകയും ചെയ്താലേ ലങ്കയ്ക്ക് രക്ഷയുള്ളൂ എന്നതാണ് സ്ഥിതി.

ഇന്നത്തെ മത്സരം

വെസ്റ്റ് ഇൻഡീസ് Vs ന്യൂസിലാൻഡ്

6 am മുതൽ

ബംഗ്ളാദേശ് Vs നെതർലാൻഡ്സ്

8 pm മുതൽ

Advertisement
Advertisement