എ.ടി.എമ്മിൽ നിന്ന് പണം ലഭിച്ചില്ല; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thursday 13 June 2024 12:57 AM IST

കൊല്ലം: എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചിട്ടും ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരവും ചെലവും ഉൾപ്പെടെ 40,000 രൂപ ഉപഭോക്താവിന് നൽകാൻ കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. കൊല്ലം വനിത സെല്ലിലെ അസി. സബ് ഇൻസ്പെക്ടറായ വി.സുപ്രഭ നൽകിയ പരാതിയിലാണ് 25,000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നഷ്ടപ്പെട്ട 10000 രൂപയും ചേർത്ത് 40,000 രൂപ നൽകാൻ ഉത്തരവായത്.

2019 ഏപ്രിൽ 12ന് പരാതിക്കാരി ഇരവിപുരത്തെ എ.ടി.എമ്മിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 10,000 രൂപ മാത്രമാണ് ലഭിച്ചത്. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ കുറയുകയും ചെയ്തു. ആദ്യം ബാങ്കിന് നൽകിയ പരാതി തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകിയെങ്കിലും അതും തള്ളി. തുടർന്ന് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് പരാതി നൽകി. പരാതി പരിശോധിച്ച കമ്മിഷൻ 40,000 രൂപ നൽകാൻ ഉത്തരവാകുകയായിരുന്നു. പരാതിക്കാരിക്ക് വേണ്ടി അഡ്വ. സി.പത്മകുമാരൻ നായർ ഹാജരായി.

Advertisement
Advertisement