ഈ 'തർക്ക'ത്തിന് പരിഹാരമില്ലേ!

Thursday 13 June 2024 1:03 AM IST
കർബല- റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഓഫീസിനു മുന്നിലൂടെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കൊല്ലം: കർബല- റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഓഫീസിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് നാളുകളായിട്ടും പരിഹാര നടപടിയില്ല. ഇതുസംബന്ധിച്ച് നിരവധി തവണ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.

മഴ പെയ്താൽ കുഴികളിലെല്ലാം വെള്ളക്കെട്ടാാകും. ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ മറിയുന്നതും ഇവിടെ പതിവാണ്. ഇളകിമാറിയ കല്ലിൽ തട്ടി വീണ് അപകടം പറ്രാനുള്ള സാദ്ധ്യതയും കൂടുതലാണ്. കാൽനടയാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. വേനൽകാലത്താവട്ടെ, രൂക്ഷമായ പൊടിശല്യവും. ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പൊടിശല്യം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളറുടെ കാര്യാലയവും ഈ റോഡരികിലാണ്.

കൊതുക് പെരുകുന്നു

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഓഫീസിന് എതിർവശം മലിനജലം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പൊട്ടിയ ഹെൽമെറ്റുകളും മദ്യക്കുപ്പികളും മിക്കയിടത്തും കാണാം. ഇലകളും മറ്റും അഴുകി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയായി.

കോർപ്പറേഷന്റെ ചുമതലയിലുള്ള റോഡാണിത്. മഴക്കാലം കഴിഞ്ഞാൽ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും

കൊല്ലം മധു, ഡെപ്യൂട്ടി മേയർ

Advertisement
Advertisement