നെടുമ്പാശേരി വിമാനത്താവളത്തിൽ: സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം

Thursday 13 June 2024 1:18 AM IST
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെൽഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ആഭ്യന്തര ടെർമിനലിൽ (ടി1) സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ആരംഭിച്ചു. വിമാനക്കമ്പനി ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗുകൾ നേരിട്ട് കൺവെയറുകളിൽ ഇടാം.ഇൻഡിഗോ, എയർ ഏഷ്യ, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സംവിധാനം ഉപയോഗിച്ചു തുടങ്ങി. മെഷീനുകൾ കാനഡയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള അതേ സംവിധാനമാണ്.
യാത്രക്കാർക്ക് ലോകോത്തര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ഡിജി യാത്ര സംരംഭവും സിയാൽ നേരത്തെ ഒരുക്കിയിരുന്നു. ഡിജിയാത്രയുടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ സെൽഫ് ബാഗ് ഡ്രോപ്പ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയിൽ യാത്രക്കാർക്ക് ബോർഡിംഗ് പാസ് എടുക്കാതെ ബാഗേജ് ചെക്ക് ഇൻ ചെയ്യാനാകും.

10 കിയോസ്കുകൾ

ടെർമിനൽ ഗേറ്റുകൾക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമൺ യൂസ് സെൽഫ് സർവീസ് (കസ്) കിയോസ്‌കുകളിൽ നിന്ന് യാത്രക്കാർക്ക് ബോർഡിംഗ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ടാഗ് സ്റ്റിക്കർ ബാഗിൽ ഒട്ടിച്ച ശേഷം സ്വയം ബാഗ് ഡ്രോപ്പ് സൗകര്യത്തിലേക്ക് പോകാനും ബാഗുകൾ യന്ത്രത്തിലിടാനും കഴിയും.

27 മുതൽ 30 വരെയുള്ള ചെക്ക് ഇൻ കൗണ്ടറുകളിൽ നാല് സെൽഫ് ബാഗ് ഡ്രോപ്പ് സിസ്റ്റങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

Advertisement
Advertisement