 പെരിയാറിലേക്ക് രാസമാലിന്യം: മുഖ്യമന്ത്രിയെ തള്ളി ജലവിഭവ വകുപ്പ്

Thursday 13 June 2024 1:24 AM IST

തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം സമീപത്തെ വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യമാകാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരാണിത്.

മേയ് 20ന് പാതാളം റെഗുലേറ്റർ കംബ്രിഡ്ജിന്റെ 13 ഷട്ടറുകളിൽ മൂന്നെണ്ണം മാത്രമാണ് തുറന്നതെന്ന് മന്ത്രി റോഷി പറഞ്ഞു. ഇതിലൂടെയെത്തിയ വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞാലും 15 കിലോമീറ്റർ വരെ മീനുകൾ ചാകില്ല. അതിനാൽ ദുരന്തകാരണം വിഷമുള്ള ദ്രാവകമോ വസ്തുക്കളോ ആകാം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ മന്ത്രി ജലത്തിന്റെ സാമ്പിൾ പരിശോധനാഫലം വരുമ്പോൾ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും അറിയിച്ചു.

പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികൾ രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ടി.ജെ. വിനോദിന്റെ സബ്മിഷന് മറുപടി നൽകിയത്.

Advertisement
Advertisement