നീറ്റ് ഹർജികൾ സുപ്രീംകോടതി പരിഗണിച്ചാൽ മതി : എൻ.ടി.എ

Thursday 13 June 2024 1:29 AM IST

ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷയും, ഫലവുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളും സുപ്രീംകോടതി പരിഗണിച്ചാൽ മതിയെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡൽഹി ഹൈക്കോടതിയിൽ.

നാലു വിദ്യാർത്ഥികളുടെ ഹർജികൾ ഇന്നലെ പരിഗണിച്ചപ്പോൾ എൻ.ടി.എക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയിൽ ട്രാൻസ്‌ഫർ പെറ്റിഷൻ

സമർപ്പിക്കും. ഹൈക്കോടതികൾ വ്യത്യസ്‌ത നിലപാട് സ്വീകരിക്കുന്നത് ഒഴിവാക്കാനാണിത്. ഇത് കണക്കിലെടുത്ത ഹൈക്കോടതി

ജൂലായ് അഞ്ചിലേക്ക് ഹർജികൾ മാറ്റി. മെഡിക്കൽ പ്രവേശന കൗൺസിലിംഗ് സ്റ്റേ ചെയ്യാൻ ജസ്റ്റിസ് നീന ബൻസൽ കൃഷ്‌ണ തയ്യാറായില്ല. എൻ.ടി.എക്ക് നോട്ടീസ് അയച്ചു.

സുപ്രീംകോടതിയിലുള്ള ഹർജികളിൽ എൻ.ടി.എയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് തേടിയിരുന്നു. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് അവധിക്കാല ബെഞ്ച് നിരീക്ഷിച്ചിരുന്നു. ജൂലായ് എട്ടിന് സുപ്രീംകോടതി വിഷയം പരിഗണിക്കാനിരിക്കയാണ്.

നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് ദാനം, ഒരു ചോദ്യത്തിന് ഒന്നിലധികം ശരിയുത്തരം തുടങ്ങിയ വിഷയങ്ങളിലാണ് ഹർജികൾ.

 വിലയിരുത്തി ഉന്നതാധികാര സമിതി

വിവാദമായ ആറു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരുടെ മാർക്കുകൾ മുൻ യു.പി.എസ്.സി ചെയർമാൻ അദ്ധ്യക്ഷനായ നാലംഗ ഉന്നതാധികാര സമിതി വിലയിരുത്തി. ഹരിയാനയിലെ ജജ്ജർ, ചണ്ഡിഗർ, ഛത്തീസ്ഗഢ്,​ ഗുജറാത്തിലെ സൂറത്ത്,​ ബീഹാറിലെ ബഹാദൂർഗ‌ഡ്,​ മേഘാലയ എന്നിവിടങ്ങളിലെ പരീക്ഷാസെന്ററുകൾക്ക് എതിരെയാണ് ആക്ഷേപം. ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിലാണ് സംശയം. ഇവർക്ക് വീണ്ടും പരീക്ഷ നടത്തണോ, ഇവരുടെ മാർക്ക് പുനഃപരിശോധിക്കണോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുന്നത്. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടുത്ത നടപടി.

 അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ആരോപണങ്ങളിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു. ചോദ്യപേപ്പ‌ർ ചോർച്ചയും ക്രമക്കേടുകളും നീറ്റ് തുടങ്ങിയ പരീക്ഷകളുടെ ഭാഗമായെന്ന് ആരോപിച്ചു. നീറ്റ് യു.ജി പരീക്ഷയെ ദുരന്തമാക്കിയതിന്റെ ഉത്തരവാദി എൻ.ടി.എ ആണെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.

Advertisement
Advertisement