രാഹുൽ ഗാന്ധിയെ ഒന്നും പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

Thursday 13 June 2024 1:30 AM IST

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ താനായിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊലീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾക്കുള്ള മറുപടിക്കിടെ, തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ രാഹുലിനെക്കുറിച്ച് മുഖ്യമന്ത്രി നല്ലതു പറഞ്ഞിട്ടുണ്ടോയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

''നിങ്ങളിൽ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം മറ്റാളുകളെയെല്ലാം അറസ്റ്റ് ചെയ്തു, എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നു ചോദിച്ചത്. അതാണ് പ്രശ്നം. അതാണോ കേരളത്തിൽ വന്ന് രാഹുൽ ഗാന്ധിയെപ്പോലുള്ള കോൺഗ്രസിന്റെ സമുന്നത നേതാവ് സംസാരിക്കേണ്ട കാര്യം. തിരഞ്ഞെടുപ്പ് രംഗത്ത് ഇത്തരമൊരു നിലപാട് ആർക്കാണുഗുണകരമായി വരിക. ഇവിടെ കേന്ദ്രസേന എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം നോക്കുന്നു. അതിന് ചൂട്ടു പിടിക്കാനാണല്ലോ യു.ഡി.എഫ് ശ്രമിക്കുന്നത്. ചൂട്ടു പിടിക്കുന്ന നിങ്ങൾക്ക് എണ്ണ ഒഴിച്ചു തരുന്ന പണി രാഹുൽഗാന്ധി ചെയ്യാൻ പാടില്ലല്ലോ...""– മുഖ്യമന്ത്രി പറഞ്ഞു.

ആറ്റിങ്ങലിൽ കോൺഗ്രസ് വൻവിജയം നേടിയെന്നും ഇടതുമുന്നണിയെ തറപ്പറ്റിച്ചെന്നുമുള്ള വാദത്തെയും മുഖ്യമന്ത്രി നേരിട്ടു. കോൺഗ്രസ് ജയിച്ചെങ്കിലും മണ്ഡലത്തിലെ എല്ലാനിയമസഭാമണ്ഡലങ്ങളിലും മുൻ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ വോട്ട് കോൺഗ്രസിന് കുറഞ്ഞു. രാജസ്ഥാനിലെ സിക്കാർ ലോക്സഭാസീറ്റിലെ നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എം ശക്തമാണ്. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച സീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു സി.പി.എം. ഇക്കുറി കോൺഗ്രസും പിന്തുണച്ചതോടെ ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ 25ൽ 25സീറ്റും കരസ്ഥമാക്കിയ ബി.ജെ.പിയിൽ നിന്ന് എട്ട് സീറ്റ് കോൺഗ്രസിന് നേടിയെടുക്കാൻ ഇത്തവണ സഹായിച്ചത് സി.പി.എമ്മുമായുള്ള ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement